പാറ്റ്‌ന: 2015ൽ ബിഹാറിലേറ്റ കനത്ത തിരിച്ചടിയുടെ മധുര പ്രതികാരമാണ് ഇപ്പോൾ അമിത് ഷാ നരേന്ദ്രമോദി കൂട്ടുകെട്ടിന് ഉണ്ടായത്. ഉത്തർപ്രദേശിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷവും മുൻപും നിതീഷ് കുമാർ പല കാര്യങ്ങളിലും കേന്ദ്ര സർക്കാരിന്റെ നടപടികളെ പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഷ്ട്രീയ വൈരം ഇല്ലാതാകുന്നത് പിന്നീട് പല വേദികളിലും കാണാനായി. റാം നാഥ് കോവിന്ദിനെ രാഷ്‌ട്രപതി സ്‌ഥാനത്തേക്കു പിന്തുണച്ചതു പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കു കനത്ത തിരിച്ചടിയാണ് നൽകിയത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം രൂപപ്പെടുന്നത് ഏതു വിധത്തിലും തടയണമെന്ന ബിജെപിയുടെ തന്ത്രത്തിന്റെ കൂടെ വിജയമാണ് നിതീഷിന്റെ ചുവടുമാറ്റം. നിതീഷ് കുമാർ എന്ന പ്രതിച്‌ഛായയുള്ള നേതാവിനെ പ്രതിപക്ഷ കൂടാരത്തിലേക്കു തള്ളിവിടാതെ സ്വന്തം പാളയത്തിൽ എത്തിക്കുക കൂടിയാണ് ബിജെപി ചെയ്തത്. ഒരു പ്രമുഖ സംസ്‌ഥാനത്തു കൂടി അധികാരം നഷ്‌ടപ്പെടുന്നതിന്റെ ആഘാതത്തിൽ കോൺഗ്രസ് തരിച്ചിരിക്കുമ്പോൾ മറ്റൊരു സംസ്‌ഥാനത്തു കൂടി അധികാരത്തിലെത്താൻ ബിജെപിക്ക് ഇതോടെ വഴിതുറക്കുകയാണ്.
മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാൻ ആർജെഡി അനുവദിക്കാത്തതാണ് സഖ്യം തകരാന്‍ കാരണമെന്ന് നിതീഷ് കുമാർ വ്യക്തമാക്കുകയും ചെയ്‌തു. ബിജെപി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് രാവിലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയിരുന്നു.
243 അംഗ ബീഹാര്‍ നിയമസഭയില്‍ ജനതാദള്‍ യുണൈറ്റഡിന് 71 സീറ്റാണുളളത്. ബിജെപിക്കാകട്ടെ 53 സീറ്റുകളുമുണ്ട്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് ഇവരുടെ സഖ്യത്തില്‍ നിന്നു തന്നെയുണ്ടാകും. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 80 സീറ്റാണുളളത്. കോണ്‍ഗ്രസിന് 27 എംഎല്‍എമാരുമുണ്ട്.
Post Your Comments