തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍ വന്നു. കേരള റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെയാണ് സംസ്ഥാനത്ത് കേന്ദ്ര റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ നിലവിലിരുന്ന 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമത്തിലെ പല വ്യവസ്ഥകളും ഫ്‌ളാറ്റ്/ വില്ല നിര്‍മാതാക്കളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്നതും ഉപഭോക്തൃ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കാത്തതുമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ നിയമം ഓര്‍ഡിനന്‍സ് വഴി റദ്ദ് ചെയ്ത് കേന്ദ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
റിയല്‍ എസ്‌റേററ്റ് രംഗത്തെ അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും സ്ഥലം വില്‍പ്പന, കെട്ടിടം വില്‍പ്പന, കൈമാറ്റം, ഫ്‌ളാറ്റുകളും വില്ലകളും നിര്‍മിച്ചു വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും പരാതി പരിഹാര സംവിധാനം സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്ന റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ആക്ട് 2016, 01.05. 2016 ന് നിലവില്‍ വന്നിരുന്നു.
സംസ്ഥാനത്ത് നിലവിലിരുന്ന നിയമം 2017 ജൂലൈ 15 ന്റെ ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കിയതോടെ ഈ കേന്ദ്ര നിയമം പ്രാബല്യത്തിലായി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി അതോറിറ്റിയും പരാതി പരിഹാരത്തിനുള്ള അപ്പല്ലേറ്റ് ട്രൈബ്യൂണലും രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments