ലണ്ടന്‍ : വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമായി 2040 ഓടെ ബ്രിട്ടീഷ് നിരത്തുകളില്‍ ഡീസല്‍-പെട്രോള്‍ കാറുകള്‍ പൂര്‍ണമായും നിരോധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മൂന്ന് കൊല്ലത്തിനകം ഡീസല്‍ കാറുകള്‍ ഓടിക്കുന്നവര്‍ക്ക് പ്രത്യേക ലെവിയുമേര്‍പ്പെടുത്തും. അതിനാല്‍ കാര്‍ വാങ്ങുന്നവരെല്ലാംകരുതല്‍ എടുക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. തിരക്കേറിയ റോഡുകളില്‍ അത്യധികമായ തോതില്‍ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങള്‍ക്ക് കടുത്ത ലെവിയാണേര്‍പ്പെടുത്തുക.
ഇതിന് പുറമെ ഡീസല്‍ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനായി വലിയ സ്‌ക്രാപ്പേജ് സ്‌കീമും നടപ്പിലാക്കുന്നതാണ്. ഇത്തരത്തില്‍ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങളെ നിയന്ത്രിച്ച് വായുവിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന പുതിയ നയത്തിന് മിനിസ്റ്റര്‍മാരായ മൈക്കല്‍ ഗോവും ക്രിസ് ഗ്രേയ്‌ലിംഗും ചേര്‍ന്ന് ഔപചാരികമായി തുടക്കം കുറിച്ചിട്ടുണ്ട്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു ഹൈക്കോടതി കേസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ അനുവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
പുതിയ നയമനുസരിച്ച് 2040 ഓടെ യുകെയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇതോടെ നീണ്ട 150 വര്‍ഷത്തെ ഇന്റേണല്‍ കംബൂഷന്‍ എന്‍ജിന്റെ കാലത്തിന് വിരാമവുമാകും. യുകെയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം അനുഭവിക്കുന്ന 81 റൂട്ടുകളില്‍ സഞ്ചരിക്കുന്ന ഡീസല്‍ വാഹനങ്ങളില്‍ നിന്നും 2020 ഓടെ ടൗണ്‍ഹാളുകള്‍ക്ക് അധിക ചാര്‍ജുകള്‍ ചുമത്താന്‍ സാധിക്കുന്നതാണ്. ഇവിടങ്ങളിലെ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതില്‍ പരാജയം നേരിട്ടാലാണ് ഈ കടുത്ത നീക്കം നടത്തുക. ഇതിന് പുറമെ ദിവസത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് ഡീസല്‍ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയേക്കും.
അര്‍ബന്‍ ഏരിയകളില്‍ നൈട്രജന്‍ ഡയോക്‌സൈഡ് കേന്ദ്രീകരിക്കുന്ന രീതിയില്‍ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങളെ റോഡിലിറക്കാന്‍ അനുവദിച്ചതിലൂടെ ഗവണ്‍മെന്റ് , നിയമം ലംഘിച്ചിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച കേസില്‍ ജഡ്ജുമാര്‍ വിധി പറഞ്ഞിരിക്കുന്നത്. എന്‍വയോണ്‍മെന്റല്‍ ലോ ഓര്‍ഗനൈസേഷനായ ക്ലിന്റ്എര്‍ത്താണ് ഈ വിഷയത്തില്‍ ഗവണ്‍മെന്റിനെതിരെ കോടതി കയറി വിജയം നേടിയിരിക്കുന്നത്.
എന്‍ഒ2 പുറന്തള്ളുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ എയര്‍ പൊല്യൂഷന്‍ പരിധി ലംഘിച്ചതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഉടന്‍ പരിധി പാലിക്കാന്‍ ബ്രിട്ടന്‍ വേണ്ടത് ചെയ്യണമെന്നും ഇല്ലെങ്കില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ കേസ് അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നുമാണ് അന്ത്യശാസനം. ഇതില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ കമ്മീഷന് കടുത്ത പിഴ നല്‍കേണ്ടിയും വരും. പുതിയ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ബിഎംഡബ്ല്യൂ അടക്കമുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്.
Post Your Comments