ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.
കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങളും തടയുകയും, സ്ത്രീ സുരക്ഷ ഉറപ്പാക്കുകയുമാണ് കൈത്താങ്ങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത എഴുപത് പഞ്ചായത്തുകളിലെ 350 വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍, കൈത്താങ്ങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ‘ശ്രദ്ധ’ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് അവസാന വാരം നടക്കും.
2.രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ മുക്കിയ കപ്പല്‍ കണ്ടെത്തി.
രണ്ടാം ലോകമഹായുദ്ധകാലത്ത് പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഹിറ്റ്‌ലര്‍ മുക്കിയ കപ്പലില്‍ 100 മില്ല്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണ നിധി. ബ്രിട്ടീഷ് നിധി വേട്ടക്കാരായ അഡ്വാന്‍സ്ഡ് മറൈന്‍ സര്‍വീസസാണ് ഐസ് ലാന്റില്‍ നിന്നും 120 മൈല്‍ അകലെ മുങ്ങിക്കിടക്കുന്ന ഈ കപ്പല്‍ കണ്ടെത്തിയത്. ജര്‍മ്മനിയിലേയ്ക്ക് സ്വര്‍ണ്ണം കൊണ്ടുപോവുകയായിരുന്ന എസ് എസ് മിന്റണ്‍ എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു വലിയ ബോക്സിലാണ് നാല് ടണ്ണോളം വരുന്ന സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. 1939 സെപ്തംബര്‍ 24നാണ് ഈ കപ്പല്‍ ആഴങ്ങളില്‍ മറഞ്ഞത്.
3. ഇനി ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം.
സൗജന്യമായി റേഷന്‍ സാധങ്ങള്‍ ലഭിക്കുന്നതിനായി പലരും മുന്‍ഗണനാ വിഭാഗ റേഷന്‍ കാര്‍ഡുകള്‍ തരപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി. ശമ്പളം വാങ്ങുന്നവര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ശമ്പളം നല്‍കുന്ന ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബെഴ്സ്മെന്റ് ഓഫീസര്‍ക്ക് നല്‍കണം. പെൻഷൻ വാങ്ങുന്നവർ ട്രഷറിയിലോ ബാങ്കിലോ കാർഡിന്റെ പകർപ്പ് നൽകണം. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരോ പെന്‍ഷന്‍കാരോ ഉണ്ടെങ്കില്‍ അക്കാര്യം സത്യവാങ്മൂലത്തില്‍ എഴുതി നല്‍കണമെന്നും സര്‍ക്കാറിന്റെ നിര്‍ദേശത്തില്‍ പറയുന്നു.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആഗസ്റ്റിലെ ശമ്പളവും പെന്‍ഷനും നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
4.മൂവായിരം കിലോവരെ തൂക്കമുള്ള പുതിയ ഇനം സൂര്യമത്സ്യത്തെ കണ്ടെത്തി.
മൂന്നു നൂറ്റാണ്ടായി ഗവേഷകര്‍ക്ക് പിടികൊടുക്കാതിരുന്ന പുതിയ സ്പീഷീസില്‍പ്പെട്ട കൂറ്റന്‍ സൂര്യമത്സ്യത്തെയാണ് കണ്ടെത്തിയത്. മൂന്നു മീറ്ററോളം നീളവും മൂവായിരം കിലോവരെ തൂക്കവുമുള്ളതാണ് സൂര്യമത്സ്യങ്ങള്‍. ഹൂഡ് വിങ്കര്‍ എന്ന് പേരുനല്‍കിയിരിക്കുന്ന ഈ മത്സ്യം എല്ല് വിഭാഗത്തിലുള്ള ഏറ്റവും വലിയ മത്സ്യമാണ്. പത്ത് വര്‍ഷം മുന്‍പ് ജപ്പാന്‍ ഗവേഷക സംഘം ഇവയുടെ ജനിതക തെളിവുകള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇതുവരെ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
5.ഇന്ത്യന്‍ വിമാനങ്ങളില്‍ ഇനി ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധം.
സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. യാത്രക്കാര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിസിഎ ലളിത് ഗുപ്തയുടെ ഉത്തരവില്‍ പറയുന്നു. ഹിന്ദി ഭാഷയിലുള്ള പത്രമാസികകള്‍ വിമാനങ്ങളില്‍ നല്‍കാതിരിക്കുന്നത് ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഉത്തരവില്‍ പറയുന്നു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ഇന്ന് കാര്‍ഗില്‍ വിജയ ദിനം. 1999ലെ കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെയും രക്തസാക്ഷിത്വം വരിച്ച സൈനികരുടെയും ഓര്‍മകളില്‍ രാജ്യം .
2.സ്വാതന്ത്ര്യ സമര സേനാനി കെ ഇ മാമൻ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
3.കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
4. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കില്ല. കേസിന്റെ അന്വേഷണ പുരോഗതിക്ക് അനുസരിച്ച് മുന്നോട്ട് പോയാല്‍ മതിയെന്ന് ദിലീപ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.
5.2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചതായി റിസര്‍വ് ബാങ്ക്. 200 രൂപയുടെ നോട്ടുകള്‍ കൂടുതലായി അച്ചടിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.
6.ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി.
7.സംസ്ഥാനത്ത് ആദ്യമായി അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപികമാര്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നു. ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷനാണ് അധ്യാപികമാര്‍ക്ക് മാസത്തില്‍ ഒരു ദിവസം അവധി നല്‍കുമെന്ന് അറിയിച്ചത്.
Post Your Comments