ദമ്മാം: ഇക്കാമ ഇല്ലാതെ ഒൻപതു മാസം അലഞ്ഞ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് അഷറഫ് മൂസ എന്ന യുവാവിനാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ തുണയായത്. ഏറെക്കാലം പ്രവാസിയായ മൂസ, മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും എക്സിറ്റ് പോയശേഷം, മറ്റൊരു വിസയിൽ തിരികെ വന്ന്, ദമ്മാം കൊദറിയയിൽ ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു. ഒൻപതു മാസങ്ങൾക്കു മുൻപാണ് മൂസ ഇക്കാമ എടുക്കാനായി ഒരു പരിചയക്കാരൻ വഴി ഒരു സൗദി പൗരന് 6500 റിയാൽ നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാമ ലഭിച്ചില്ല. ഇക്കാമയില്ലാതെ ആകെ വിഷമസ്ഥിതിയിലായ മൂസ, നവയുഗം കൊദറിയ സനയ്യ യൂണിറ്റ് സെക്രട്ടറി റിജേഷ് കണ്ണൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. റിജേഷ് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം ഈ കേസിന്റെ ചുമതല നവയുഗം ജീവകാരുണ്യപ്രവർത്തകനായ ഷിബു കുമാറിനെ ഏൽപ്പിച്ചു.
ഷിബുകുമാർ ആ സൗദി പൗരനെ പലതവണ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, തനിയ്ക്ക് ആരും പണം നൽകിയിട്ടില്ല എന്ന നിലപാടാണ് അയാൾ സ്വീകരിച്ചത്. താൻ പണം നൽകി എന്ന നിലപാടിൽ പരിചയക്കാരനും ഉറച്ചു നിന്നപ്പോൾ, മൂസ ആകെ ധർമ്മസങ്കടത്തിലായി. ഒടുവിൽ ഷിബു കുമാറിന്റെ ഉപദേശം അനുസരിച്ച് പൊതുമാപ്പ് ഉപയോഗപ്പെടുത്തി, പ്രവാസം മതിയാക്കി എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങാൻ അയാൾ തീരുമാനിച്ചു.
ഷിബുകുമാർ മൂസയെ തർഹീലിൽ കൂട്ടികൊണ്ടു പോയി, അവിടെയുള്ള സാമൂഹ്യപ്രവർത്തകനായ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകി. നവയുഗം കൊദറിയ സനയ്യ യൂണിറ്റ് കമ്മിറ്റി, മൂസായ്ക്കുള്ള വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയാക്കി നവയുഗത്തിന് നന്ദി പറഞ്ഞ് മൂസ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments