Latest NewsNewsIndia

പുതിയ രാഷ്ട്രപതിയുടെ ദയ തേടി ജസ്റ്റിസ് കര്‍ണന്‍

 

കൊല്‍ക്കത്ത : ഇന്ത്യയുടെ പതിനാലാമതു രാഷ്ട്രപതിയായി സ്ഥാനമേറ്റ റാം നാഥ് കോവിന്ദിനു മുന്നില്‍ ആദ്യ ഹര്‍ജിയുമായി എത്തിയതു വിവാദ ജഡ്ജി സി.എസ്. കര്‍ണന്‍. കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട കര്‍ണന്‍, തടവു ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായാണ് റാം നാഥ് കോവിന്ദിനു മുന്നിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്ത കേസില്‍, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സിറ്റിങ് ജഡ്ജിയായിരിക്കെ ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം നിരാകരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു ഹര്‍ജി നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പുതിയ രാഷ്ട്രപതിക്കു മുന്നില്‍ ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ എത്തിയിരിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരമാസം ഒളിവിലായിരുന്ന ജസ്റ്റിസ് കര്‍ണനെ കഴിഞ്ഞ മാസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മേയ് ഒന്‍പതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കര്‍ണന്‍. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്പത്തൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍വീസില്‍നിന്നു വിരമിച്ച് എട്ടു ദിവസത്തിനു ശേഷമായിരുന്നു ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റ്. ജൂണ്‍ 12നു വിരമിക്കുമ്പോള്‍ ഒളിവിലായിരുന്ന അദ്ദേഹത്തിനു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ യാത്രയയപ്പിനുള്ള അവസരവും ലഭിച്ചിരുന്നില്ല. ശിക്ഷ റദ്ദാക്കണമെന്ന കര്‍ണന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ അറസ്റ്റ് അനിവാര്യമാകുകയായിരുന്നു. 1983ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത കര്‍ണന്‍, മദ്രാസ് ഹൈക്കോടതി ജഡ്ജിയായി 2009ല്‍ ആണു നിയമിതനായത്.

ദലിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു വിവാദപുരുഷനായി. 2016 മാര്‍ച്ച് 11നാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button