ലണ്ടൺ: ചാര്‍ളിയുടെ ജീവന്‍ രക്ഷിക്കാമെന്നുള്ള മോഹം ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ. തങ്ങളുടെ മകന്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കില്ലെന്നുറപ്പായിയെന്ന് കണ്ണീരോടെ ക്രിസ് ഗാര്‍ഡും കോണി യേറ്റ്സും. ചാര്‍ളിയെ വിദഗ്ധ ചികിത്സക്കായി ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അമേരിക്കയിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മകനെ രക്ഷിക്കാമെന്നുള്ള അവസാന മോഹം പോലും ഈ മാതാപിതാക്കള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ ഇതോടെ മകന്റെ ദയാവധത്തിന് വഴങ്ങിയിരിക്കുകയാണ്.
ചാര്‍ളി ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്കത്തിനുള്ള തകരാറുകളും മൂലമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. ജൂണ്‍30ന് ചാര്‍ളിയുടെ ലൈഫ് സപ്പോര്‍ട്ട് അവസാനിപ്പിക്കാനും ആശുപത്രി അധികൃതര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ മാതാപിതാക്കള്‍ രംഗത്തെത്തുകയും പോപ്പും ട്രംപും അടക്കമുള്ള നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി മുന്നോട്ട് വരുകയും ചെയ്തതിനെ തുടര്‍ന്ന് ആ തീരുമാനത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ആ തീരുമാനം ഉടന്‍ നടപ്പിലാക്കാനാണ് ആശുപത്രി ഒരുങ്ങുന്നത്.
തങ്ങളുടെ പ്രിയപുത്രന്‍ ഏതാനും ദിവസങ്ങള്‍ കൂടിയേ ജീവിച്ചിരിക്കൂ എന്നും അവര്‍ ഹൃദയവേദനയോടെ വെളിപ്പെടുത്തുന്നു. ചാര്‍ളിയെ ഈ ദുര്‍വിധിയിലേക്ക് മനഃപൂര്‍വം തള്ളിവിടുന്നതില്‍ ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ഹോസ്പിറ്റലിലെ അധികൃതരെ ഈ മാതാപിതാക്കള്‍ ഹൃദയവേദനയോടെ പഴിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ചാര്‍ളിയുടെ ഒന്നാം പിറന്നാള്‍. എന്നാല്‍ അത് വരെ അവന്‍ ജീവിച്ചിരിക്കുമോ എന്ന കടുത്ത ആശങ്കയിലാണിവര്‍. കാരണം അവന് നല്‍കിക്കൊണ്ടിരിക്കുന്ന ലൈഫ് സപ്പോര്‍ട്ട് ഉടന്‍ അവസാനിപ്പിക്കാനാണ് ആശുപത്രിയുടെ പുതിയ തീരുമാനം.
ചാര്‍ളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ എത്തിയ ചാര്‍ളിയുടെ അമ്മ കോണി യേറ്റ്സ് മമ്മിയുടെ ഡാഡിയും അവനെ അത്രത്തോളം സ്നേഹിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് അവനെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും മാപ്പ് തരണമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്നാല്‍ തങ്ങളുടെ മകന്റെ അവസാന നിമിഷം വീട്ടിലായിരിക്കണമെന്ന ആഗ്രഹം ഇവര്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആശുപത്രി അധികൃതര്‍ അതിന് സമ്മതിക്കുമോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടുമില്ല.
ചാര്‍ളിക്ക് അമേരിക്കയിലെ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ സമ്മതിക്കാത്തതാണ് പ്രശ്നമെന്നും പിതാവ് ക്രിസ് ഗാര്‍ഡ് കോടതിക്ക് പുറത്ത് വച്ച് നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാതൊരു ചികിത്സ കൊണ്ടും ചാര്‍ളിയുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്നാണ് ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ഹോസ്പിറ്റല്‍ പ്രതികരിച്ചിരിക്കുന്നത്. ചാര്‍ളിയെ മരിക്കാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ജഡ്ജ് ഹിയറിങ് ആരംഭിച്ചിരുന്നത്.
Post Your Comments