Latest NewsKeralaNews

ലോക വിനോദസഞ്ചാര രംഗത്ത് വടക്കന്‍ കേരളം തലയെടുപ്പോടെ മുന്നോട്ട്; 600 കോടിയോളം രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ ഊര്‍ജമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ‘ലോണ്‍ലി പ്ലാനറ്റ്’ പട്ടികയില്‍ വടക്കന്‍ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സംസ്ഥാന ടൂറിസം വകുപ്പിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിനായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ ലോകോത്തര അംഗീകാരം കൂടുതല്‍ പ്രോത്സാഹനമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിലെ ഗാന്‍ഷു, ജപ്പാനിലെ സൗത്ത് ടോക്കിയോ എന്നിവ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് വടക്കന്‍ കേരളത്തിന് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ നല്‍കിയിരിക്കുന്നത്. മലബാറിന്റെ മനോഹാരിതയും, പ്രത്യേകതകളും ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.

വടക്കന്‍ കേരളത്തിലെ ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ശില്‍പ്പശാലയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത് ബ്ലോഗേഴ്സിനെ പങ്കെടുപ്പിച്ചത് മലബാറിലെ ടൂറിസം രംഗത്തിന്റെ ഉണര്‍വിന് കാരണമായി. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയരായ വിനോദസഞ്ചാര കോളമിസ്റ്റുകള്‍ക്ക് വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാരമേഖലകള്‍ നേരില്‍ കണ്ട് അനുഭവിക്കാന്‍ അവസരം നല്‍കിയത് ലോകത്തിന്റെ ശ്രദ്ധയില്‍ വടക്കന്‍ കേരളത്തിന്റെ മനോഹാരിത പരിചയപ്പെടുത്താന്‍ സഹായിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വടക്കന്‍ മലബാറിന്റെ ടൂറിസം വികസനത്തിന് 600 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കി. മുന്നൂറ് കോടിയോളം രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികൾ, പുഴയോര നടപ്പാത എന്നിവ നിർമിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരകണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും, അവിടുത്തെ കലാരൂപങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേയ്ക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം തന്നെയുണ്ടാകും. 197 കിലോമീറ്റർ ദൈര്‍ഘ്യമുള്ള നദീയാത്രയില്‍, ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും, കരകൗശല സാമഗ്രി നിര്‍മ്മാണവുമെല്ലാം ഒരുക്കും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ബീച്ചുകള്‍ ഗോവന്‍ ബീച്ചുകളേക്കാള്‍ ഭംഗിയും വൃത്തിയുമുള്ളതാണെന്ന ലോണ്‍ലി പ്ലാനറ്റിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. മുഴുപ്പിലങ്ങാട് ബീച്ചില്‍ ഏറ്റെടുത്തിട്ടുള്ള 3.5 ഏക്കര്‍ സ്ഥലത്ത് 43.20 കോടി രൂപ മുതല്‍മുടക്കില്‍ ആധുനികസൗകര്യങ്ങളോട് കൂടിയ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതും, പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണവും ബീച്ച് ടൂറിസത്തിന് പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുഴുപ്പിലങ്ങാടും ധര്‍മ്മടം ദ്വീപും ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന റോപ് വേ പദ്ധതി, കോഴിക്കോട് മാനാഞ്ചിറ സ്‍ക്വയര്‍ നവീകരണം, മിഠായിത്തെരുവ് നവീകരണം, കണ്ണൂര്‍ പഴയ മൊയ്തുപാലം സൗന്ദര്യവത്കരണ സംരക്ഷണം, തലശ്ശേരി കടല്‍പ്പാലം സംരക്ഷണം, കടല്‍പ്പാല റോഡില്‍ ശില്‍പ്പ പാര്‍ക്ക്, ഫുഡ് സ്ട്രീറ്റ്, പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ വികസനം, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ വികസനം, പയ്യന്നൂര്‍ ഹെറിറ്റേജ് ടൂറിസം, വെള്ളിക്കീല്‍ ഇക്കോടൂറിസം രണ്ടാം ഘട്ടം, മീന്‍കുഴി റിക്രിയേഷന്‍ സെന്റര്‍, താഴെ അങ്ങാടി പരമ്പരാഗത തെരുവ്, പെര്‍ഫോമന്‍സ് സെന്റര്‍ വികസനം, പഴയ ഫയര്‍ ടാങ്ക് സംരക്ഷണം, ഗുണ്ടര്‍ട്ട് ബംഗ്ളാവ് ഭാഷാ മ്യൂസിയം, പുലരിമല ഇക്കോടൂറിസം പാര്‍ക്ക്, തുമ്പൂര്‍മൂഴി ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടം, ചാവക്കാട് ബീച്ച് വിനോദസഞ്ചാര വികസനം, പീച്ചി അണക്കെട്ട് മേഖല സൗന്ദര്യവത്കരണം , പീച്ചി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാരാപ്പുഴ അണക്കെട്ടില്‍ വിനോദസഞ്ചാര കേന്ദ്രം, മലപ്പുറം ചമ്രവട്ടം പുഴയോര സ്നേഹപാത, പൂന്താനം സാംസ്കാരികനിലയത്തിന്റെ രണ്ടാംഘട്ട വികസനം എന്നിവയ്ക്ക് ഭരണാനുമതി നല്‍കി കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ലോണ്‍ലി പ്ലാനറ്റ് പ്രത്യേകം പരാമര്‍ശിക്കുന്ന വയനാട്ടിലും നിരവധി ടൂറിസം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. കല്‍പ്പറ്റയിലെ എന്‍ ഊര് ടൂറിസം പദ്ധതിക്ക് നാലരക്കോടി രൂപയാണ് അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ റോക്ക് അഡ്വെഞ്ചര്‍ പദ്ധതി, പഴശ്ശി സ്മാരകം, കുറുവാ ദ്വീപ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയത് വയനാടിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഹോംസ്റ്റേകള്‍, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയിലൂടെ തദ്ദേശീയര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകുന്നതിനും, ടൂറിസ്റ്റുകള്‍ക്ക് നവീനാനുഭവം സമ്മാനിക്കുന്നതിനും ടൂറിസം വകുപ്പ് പ്രോത്സാഹനം നല്‍കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളൊന്നും ‘ലോണ്‍ലി പ്ലാനറ്റ്’ പട്ടികയില്‍ പോലുമില്ലാത്ത സാഹചര്യത്തിലാണ് വടക്കന്‍ കേരളത്തിന് ഈ അംഗീകാരമെന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിംഗപ്പൂരും മലേഷ്യയുമൊക്കെ വടക്കന്‍ കേരളത്തിന് പിന്നിലാണെന്നത് നിസാരമല്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button