ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയെ ഏറെ ഭയപ്പെടുത്തുന്നത് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് തന്നെയാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. 100 ബ്രഹ്മോസ് വിന്യസിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇക്കാര്യം ആരോപിച്ച് ചൈന ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പും നല്‍കിയിരുന്നു.
300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിവുള്ള ബ്രഹ്മോസ് മിസൈല്‍ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. ബ്രഹ്മോസ് റെജ്‌മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതിതുകയായി 4,300 കോടി രൂപയും വകയിരുത്തി.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള ബ്രഹ്മോസ് മിസൈലുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ കൂടുതല്‍ മിസൈലുകളും മിസൈല്‍ മൊബൈല്‍ ലോഞ്ചറുകളും ട്രക്കുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് വിമാനങ്ങള്‍ ഇന്ത്യ ഉടന്‍ തന്നെ പരീക്ഷണം നടത്തും. ഇതെല്ലാം വ്യക്തമായി ചൈനയ്ക്ക് അറിയാം. ഇതിനാല്‍ തന്നെ പെട്ടെന്നുള്ള ഒരു ആക്രമണത്തിന് ചൈന മുതിരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തില്‍ പറന്നെത്തി കരയാക്രമണം നടത്താന്‍ കഴിവുള്ള ബ്രഹ്മോസ് ക്രൂസ് മിസൈല്‍ നിരവധി തവണ പരീക്ഷിച്ച് വിജയിച്ചതാണ്. വന്‍ശക്തിപദത്തിലേക്കുള്ള ഇന്ത്യയുടെ ശക്തമായ ഒരു കാല്‍വയ്പാണ് ബ്രഹ്മോസ്. ഓടിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്നു വരെ തൊടുക്കുന്ന കരയാക്രമണ മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ വന്‍ സാങ്കേതിക നേട്ടം തന്നെ. കാരണം, ഇളകിക്കൊണ്ടിരിക്കുന്ന വിക്ഷേപണത്തറ മിസൈലിന്റെ കൃത്യതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കേ ആ പ്രശ്‌നം സാങ്കേതികമായി മറികടന്നുകൊണ്ടാണു ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ പരീക്ഷണം വിജയിച്ചത്.
Post Your Comments