ന്യൂഡൽഹി: അടുത്തമാസം മുതൽ 200 രൂപ നോട്ട് വിപണിയിലെത്തും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത് നോട്ടുകൾ അസാധുവാക്കിയതിനു മുൻപുള്ള അവസ്ഥയിലേക്കു നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86% ഇപ്പോൾ കൈവന്നതായാണ് എസ്ബിഐ റിപ്പോർട്ട്.
നോട്ട് അസാധുവാക്കൽ നടപടി 2016 നവംബർ ഒൻപതിനാണ് പ്രഖ്യാപിച്ചത്. അന്നു 17.01 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. പുതിയ കണക്കുപ്രകാരം 14.50 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിലെത്തി.
നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടേയുള്ളൂ. എടിഎമ്മിൽനിന്ന് ഇടത്തരം നോട്ടുകൾ പിൻവലിക്കുന്നതു കുറഞ്ഞിട്ടുണ്ട്. ഇതാണു ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വർധിക്കാൻ കാരണം. 200 രൂപ വ്യാപകമാകുന്നതോടെ എടിഎമ്മിൽനിന്നു കൂടുതൽ നോട്ടുകൾ പിൻവലിക്കുമെന്നാണു നിഗമനം. അടുത്ത മാസം മുതൽ 200 രൂപ നോട്ടുകൾ എത്തിത്തുടങ്ങിയേക്കും.
Post Your Comments