മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി ഡോ കെ.ടി റബിയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. റബീയുള്ളയെ നേരിട്ടുകാണണമെന്നാവശ്യപ്പെട്ടു ഈസ്റ്റ്കോഡൂരിലെ വീടിനു മുന്നിലെത്തിയ നാലംഗ സംഘത്തെ സെക്യൂരിറ്റി അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്നു സംഘം മതില് ചാടിക്കടന്നു അകത്തുകടക്കാന്‍ ശ്രമിച്ചു.
തുടര്‍ന്നു നാട്ടുകാര്‍ചേര്‍ന്നു സംഘത്തെ പിടികൂടി പോലീസിലേല്പിച്ചു. മലപ്പുറം ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ ചോദ്യംചെയ്തുവരികയാണ്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ സംഘത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
റബീയുള്ളയുമായി സംഘത്തിനു നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. അദ്ദേഹത്തെ ഏറെ അടുപ്പമുള്ളവര്‍ക്കുപോലും മാസങ്ങളായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്നു റബീയുള്ള എവിടെ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡോ കെ.ടി റബിയുള്ള ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. താന്‍ കോഡൂരിലെ സ്വന്തം വസതിയില്‍ ഉണ്ടെന്നും. ചികില്‍സയുടെ ഭാഗമായുള്ള വിശ്രമത്തിലാണെന്നും വ്യക്തമാക്കി റബിയുള്ള ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
ഇതോടെ അദ്ദേഹത്തെക്കുറിച്ച് മാസങ്ങളായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന് ഊഹാപോഹങ്ങള്‍ക്കാണ് വിരാമായത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്നു പുലര്‍ച്ചെ റബീയുള്ളയുടെ വീട്ടില്‍ സംഘമെത്തിയത്. റബീയുള്ള എന്റെ മകന്റെയും, ചെറുമക്കളുടേയും കൂടെ സന്തോഷത്തോടെ ഇരിക്കുന്നുവെന്നാണ് വീഡിയോ പോസ്റ്റില്‍ പറയുന്നത്. ഒരു ചെറിയ ചികില്‍സയുടെ ഭാഗമായാണ് ഇവിടെ വന്നതെന്നും വളരെ പുരോഗമനമുണ്ടെന്നും അദ്ദേഹം പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉടനെ തിരിച്ചെത്തുമെന്നും. നിങ്ങളുടെയെല്ലാം സ്നേഹവും, സഹകരണവുമാണ് എനിക്ക് ഏറ്റവും ആവശ്യമാണ്. ഡോക്ടര്‍മാരുടേയും, നേഴ്സുമാരുടേയും പരിചരണത്തെക്കുറിച്ചും അദ്ദേഹം ഒന്നര മിനുറ്റ് നീളുന്ന വീഡിയോയിലൂടെ വാചാലനാകുന്നുണ്ട്.
Post Your Comments