വണ്ടൂര്‍: അരയില്‍ സ്ഫോടകവസ്തുവച്ച് ബന്ധുവിനെ ചേര്‍ത്തുപിടിച്ച് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. വയനാട് സ്വദേശിയും, വാണിയമ്പലത്തു താമസക്കാരനുമായ അബ്ദുല്‍ സലീം (60) ആണ് മരിച്ചത്. വാണിയമ്പലം അങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അരയില്‍ സ്ഫോടകവസ്തു വച്ച് തീകൊളുത്തി മനുഷ്യബോംബായി മാറിയാണ് വയോധികന് ബന്ധുവിനെ കയറിപ്പിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബോംബ് എരിയുന്നത് കണ്ട് കുതറിയോടിയ ബന്ധുവും സമീപത്തുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുടുംബവഴക്കാണ് സലീമിനെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു
വാണിയമ്പലം അങ്ങാടിയിലെ കച്ചവടക്കാരും നാട്ടുകാരും ഞെട്ടലോടെയാണ് ശനിയാഴ്ച ഉണ്ടായ സ്ഫോടനവും മരണവാര്‍ത്തയും കേട്ടത്. പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഇന്‍ഡസ്ട്രിയല്‍ കടയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചെന്ന വാര്‍ത്തയാണ് ആദ്യം പരന്നത്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ആശങ്കയും പടര്‍ത്തി. കേട്ടവര്‍ കടയിലേക്ക് ഓടിയെത്തി. കടക്ക് മുമ്പില്‍ പുകമയം. മാംസാവശിഷ്ടങ്ങളും തുണിക്കഷ്ണങ്ങളും സമീപം ചിതറി കിടക്കുന്നു. പിന്നീടാണ് മരിച്ച സലീമും ബന്ധുവായ ഷറഫുദ്ദീനും തമ്മിലെ വഴക്കും മരണകാരണവും അറിഞ്ഞത്.
സലീമിന്റെ മകളുടെ വിവാഹം ഭാര്യയുടെ സഹോദരപുത്രനായ ഷറഫുദീന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇത് സലീമിനെ അറിയിക്കാതെയാണ് നടത്തിയതെന്നാരോപിച്ച് നേരത്ത ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഒരു പ്രകോപനത്തിനും ഇടവരുത്താതെ ഷറഫുദ്ദീന്റെ പിന്നിലൂടെ എത്തിയ സലീം കല്ലുകൊണ്ട് തലക്കടിക്കുകയും പിന്നില്‍നിന്ന് ചേര്‍ത്തു പിടിക്കുകയും ചെയ്തു. ഇതോടെ ഇന്ഡസ്ട്രിയിലെ മറ്റു ജോലിക്കാരും സമീപത്തുണ്ടായിരുന്നവരും ഇടപെട്ട് ഇയാളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സലീമിന്റെ അരയില്‍ വെടിമരുന്നിന്റെ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും സമീപത്തുള്ളവരും കുതറിയോടി. ഉടന്‍ വന്‍ ശബ്ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നെന്ന്്് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ സമയം തലനാരിഴക്കാണ് ഷറഫുദ്ദീനും പ്രദേശത്തെ കച്ചവടക്കാരും രക്ഷപ്പെട്ടത്.
Post Your Comments