KeralaLatest NewsNews

തീവ്രവാദം : സംസ്ഥാനത്തെ മിശ്രവിവാഹിതര്‍ സംശയത്തിന്റെ നിഴലില്‍

 

കൊച്ചി : സംസ്ഥാനത്ത് മതം മാറ്റവും തീവ്രവാദവും വര്‍ധിച്ചുവരുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലാണ് മതം മാറ്റം വ്യാപകമായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മിശ്രവിവാഹങ്ങള്‍ സംബന്ധിച്ച് പോലീസിന്റെ സ്‌പെഷ്യല്‍ബ്രാഞ്ച് വിഭാഗം അന്വേഷിക്കുന്നത്.

വിവാഹത്തിലേക്ക് നയിച്ച കാരണം, വിവാഹത്തിന് മുമ്പും ശേഷവുമുള്ള സാമ്പത്തികസ്ഥിതി എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിവാഹംകഴിച്ച് ഐ.എസ്. തീവ്രവാദത്തിലേക്ക് മാറ്റുന്നുവെന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണം. നിലവിലുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നാണ് പ്രാഥമികാന്വേഷണം നല്‍കുന്ന സൂചന. പെണ്‍കുട്ടികള്‍ മാത്രമല്ല പുരുഷന്‍മാരും മതംമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് മതംമാറിയുള്ള വിവാഹങ്ങള്‍ കൂടുന്നത്. ഇതടക്കമുള്ള ജില്ലകളിലെ മിശ്രവിവാഹിതരുടെ യഥാര്‍ഥ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മിശ്രവിവാഹിതരുടെ വിവരശേഖരണത്തിന് സ്‌പെഷ്യല്‍ബ്രാഞ്ച് പ്രത്യേക രൂപരേഖതന്നെ തയ്യാറാക്കിയിട്ടുണ്ട്. വിവാഹത്തിനുമുമ്പും പിമ്പും രാജ്യത്തിന് പുറത്തുനിന്നുള്ളവരുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നകാര്യം അന്വേഷിക്കുന്നുണ്ട്. സാമ്പത്തികസഹായം വൈകി കിട്ടാനുള്ള സാധ്യതയും പരിശോധിക്കുന്നു.

പ്രണയം തന്നെയാണ് ഭൂരിഭാഗം വിവാഹങ്ങളിലേക്കും നയിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. വിവാഹത്തെ തുടര്‍ന്ന് ഭൂരിഭാഗം രക്ഷിതാക്കളും പെണ്‍കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചനിലയിലാണ്. രക്ഷിതാക്കളുടെ എതിര്‍പ്പുകൂടി അന്വേഷണത്തില്‍ പരിഗണിക്കുന്നുണ്ട്. ഇത്തരം എതിര്‍പ്പ് മറികടക്കാന്‍ വധൂവരന്‍മാര്‍ ചില സംഘടനകളെ സമീപിക്കുമ്പോഴാണ് തീവ്രവാദബന്ധമെന്ന ആരോപണം ഉയരുന്നതെന്നാണ് സൂചന. സംഘടനകളുടെ സംരക്ഷണത്തിനു കീഴിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

കോടതിയുടെ പരിഗണനയിലുള്ള വിവാഹങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കുന്നില്ല. മുസ്ലിം യുവതികള്‍ മറ്റു മതങ്ങളിലേക്ക് മാറിയുള്ള വിവാഹങ്ങളും നടന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മിശ്രവിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത്തരം വിവാഹങ്ങള്‍ക്കുനേരേ ഐ.എസ്. ബന്ധമടക്കം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button