കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്ന മൂകയായ പെണ്‍കുട്ടി തന്നെ രക്ഷിച്ച പൊലീസിന് വിവരങ്ങൾ നൽകുന്നത് കത്തുകളിലൂടെ. എട്ടാം ക്ലാസില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ ശ്രമിക്കുകയാണീ പത്തൊമ്പതുകാരി.
പശ്ചിമ ബംഗാല്‍ സ്വദേശിയായ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പമാണ് ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലെത്തിയത്. അസുഖം ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് പെണ്‍കുട്ടി വീട്ടുജോലികള്‍ ചെയ്ത് ജിവിക്കുകയായിരുന്നു. പതിനാല് വയസ്സുള്ളപ്പോളാണ് കുട്ടിയെ മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നത്. തുടർന്ന് പെൺകുട്ടിയെ പൊലീസ് രക്ഷപെടുത്തുകയുണ്ടായി. പെൺകുട്ടിയുടെ കത്തുകളിലൂടെ വലിയ മനുഷ്യക്കടത്ത് സംഘങ്ങളിലേക്ക് എത്തുന്നതിന് കഴിയുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.
പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗാസിയാബാദ് മജിസ്ട്രേറ്റിന്റെ നിരീക്ഷണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
Post Your Comments