കോട്ടയം: നിര്‍ധനയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ ഒളിവില്‍. പെന്തക്കോസ്റ്റ് പാസ്റ്ററും ആശ്വാസഭവന്‍ ഉടമയുമായ ജോസഫ് മാത്യുവാണ് പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ പ്രമുഖ ആശ്രയകേന്ദ്രമാണ് ആശ്വാസ ഭവന്‍. തടവുപുള്ളികളുടെ അശരണരായ മക്കളെ സംരക്ഷിക്കുന്നവരായി കരുതപ്പെട്ടിരുന്ന ആശ്വാസഭവന്‍ അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നതായാണ് കേസുണ്ടായിരിക്കുന്നത്.
കോട്ടയത്തെ അറിയപ്പെടുന്ന പാസ്റ്ററായ ജോസഫ് മാത്യു (പാപ്പ)വിന്റെ പീഡനകഥ പുറത്തുവന്നത് ആരോരുമില്ലാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ്. പോക്‌സോ പ്രകാരം പാമ്പാടി പൊലീസ് കേസ് എടുത്തുവെങ്കിലും കേസ് ഒതുക്കാനുള്ള ചരടുവലികളാണ് ഇപ്പോള്‍ നടക്കുന്നത്
ഇടുക്കി സ്വദേശിനിയായ നിര്‍ധന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഭയന്ന പെണ്‍കുട്ടി പിറ്റേന്ന് തന്നെ ആരുമറിയാതെ നാട്ടിലേക്ക് പോയി. ഈ കുട്ടിയുടെ അച്ഛന്‍ മരിച്ചുപോയതാണ്. അമ്മ മനോരോഗ ചികിത്സയിലും. കുട്ടി പിന്നീട് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് കൈമാറി. വിവരം അറിഞ്ഞതോടെ തന്റെ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി.
കോണ്‍ഗ്രസിലെ പ്രമുഖനും സിപിഎമ്മിലെ മുന്‍ എംഎല്‍എയും ആശ്വാസഭവനുമായി ഏറ്റവും അടുത്ത ബന്ധമുണ്ട്. പൊലീസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. ആശ്വാസഭവനിലെ ചില പുരുഷസ്റ്റാഫ് അന്തേവാസികളായ ആണ്‍കുട്ടികളോടു മോശമായി പെരുമാറുന്നുവെന്നു ചൈല്‍ഡ് ലൈനു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് അവിടത്തെ മുഴുവന്‍ കുട്ടികളില്‍നിന്നു മൊഴിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.
സമാനമായ രീതിയില്‍ ലൈംഗിക പീഡനം നേരത്തേ ഉണ്ടായെങ്കിലും പാപ്പാ രക്ഷപ്പെട്ടു. ഇടതു- വലതു നേതൃനിരയിലുള്ള ഉന്നത ബന്ധമാണ് തുണച്ചത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആശ്വാസം നല്‍കാനായാണ് മാത്യു ആശ്വാസ ഭവന്‍ തുടങ്ങിയത്. സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ വിദേശ മലയാളികളുടെ സഹായവും സ്ഥാപനത്തിന് ലഭിയ്ക്കുന്നുണ്ട്.
Post Your Comments