റിയാദ്: സൗദി രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനേയും സംഘത്തെയും റിയാദ് പോലീസ് അറസ്റ്റുചെയ്തു. തലസ്ഥാന നഗരിയായ റിയാദില്‍ അക്രമം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. സൗദി രാജകുടുംബാംഗവും സംഘവും കഴിഞ്ഞദിവസമാണ് തെരുവില്‍ ആളുകളെ ആക്രമിക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്തത്.
സൗദി ഭരണാധികാരി സല്മാന് രാജാവ് എത്രയുംവേഗം സംഭവത്തിലെ പ്രതികളെ പിടികൂടി ജയിലിലടക്കണമെന്ന് റിയാദ് പോലീസിനോട് ആജ്ഞാപിച്ചു. അക്രമങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമം അനുശാസിക്കുന്ന ശക്തമായ ശിക്ഷ നല്‍കണമെന്നും അക്രമങ്ങളില്‍ ഇരകളായവരുടെ സാക്ഷിമൊഴികള്‍ കേള്‍ക്കണമെന്നും നാശനഷ്ടം സംഭവിച്ചവര്‍ക്കും ആക്രമിക്കപ്പെട്ടവര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കണമെന്നും റിയാദ് പോലീസിന് രാജാവ് നല്കിയ ആജ്ഞാകുറിപ്പില് പറയുന്നു. ഉത്തരവ് ലഭിച്ചയുടന്‍ തന്നെ റിയാദ് പോലീസ് അക്രമ പ്രവര്‍ത്തനങ്ങളില്‍ പ്രതിയായ രാജകുടുംബാംഗത്തെ പിടികൂടി.
സമൂഹമാധ്യമങ്ങളിലൂടെ രാജകുടുംബാംഗവും സംഘവും ജനങ്ങളെ ആക്രമിക്കുകയും സഭ്യമല്ലാത്ത ഭാഷയില്‍ പരിഹസിക്കുകയും ചെയ്യുന്നതിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ കാണുന്ന എല്ലാവരെയും പിടികൂടാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചു. മാത്രമല്ല നിയമപരമായ ശിക്ഷ വിധിച്ച് അതിന്റെ പകര്‍പ്പ് രാജസന്നിധിയില്‍ എത്താതെ പ്രതികളെ വിട്ടയക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വിദേശികളുടെയും സ്വദേശികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനും അക്രമം പ്രതിരോധിക്കുന്നതിനും തുല്യനീതി നടപ്പില്‍ വരുത്തുന്നതിനും ഇത് ആവശ്യമാണെന്നും സല്മാന് രാജാവ് അഭിപ്രായപ്പെട്ടു. സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിനുമുന്പില് കൊണ്ടുവരേണ്ടതുണ്ടെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
Post Your Comments