29 വര്‍ഷം മുമ്പ് 360 രൂപ മോഷ്ടിച്ച രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷണല്‍ ജില്ലാ കോടതിയാണ് 29 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി നടപ്പാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
1988 ഒക്ടോബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷാജഹാന്‍പൂരില്‍ നിന്ന് പഞ്ചാബിലേക്ക് ട്രെയിനില്‍ പോകുകയായിരുന്ന വാജിദ് ഹുസൈന്‍ എന്നയാളെ ചന്ദ്രപാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നിവര്‍ ചേര്‍ന്ന് പോക്കറ്റടിച്ചെന്നാണ് കേസ്. ട്രെയിന്‍ യാത്രക്കിടെ വാജിദ് ഹുസൈനുമായി അടുത്ത സംഘം ഇയാള്‍ക്ക് ലഹരി മരുന്ന് കലക്കിയ ചായ കൊടുത്ത് ബോധരഹിതനാക്കുകയും പോക്കറ്റിലുണ്ടായിരുന്ന 360 രൂപ കൈക്കലാക്കുകയുമായിരുന്നു. കേസ് അന്വേഷിച്ച പോലീസ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോയതോടെ വിചാരണ തടസ്സപ്പെട്ടു.
2004ല്‍ ചന്ദ്രപാല്‍ മരണപ്പെട്ട വിവരം കോടതി അറിഞ്ഞതോടെ ബാക്കിയുള്ള രണ്ടു പ്രതികളെ കോടതി വിചാരണ ചെയ്തു. 2012ല്‍ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. വാജിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതികളായ കനയ്യക്കും സര്‍വേശിനും ഇപ്പോള്‍ അറുപത് വയസ്സ് പ്രായമുണ്ട്. ചെറുപ്പത്തിന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റാണെന്നാണ് സംഭവത്തെ കുറിച്ച് ഇവര്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ കിട്ടിയ ശിക്ഷയേക്കാള്‍ വലിയ ശിക്ഷയാണ് ഇത്രയും കാലം കേസിന്റെ പുറകെ നടക്കേണ്ടി വന്നത്. എന്തായാലും അഞ്ച് വര്‍ഷം തടവ് അനുഭവിച്ചാലും, കേസ് തീര്‍ന്നുവെന്ന ആശ്വാസമുണ്ടെന്ന് പഴയ കള്ളന്മാര്‍ പറയുന്നു.
Post Your Comments