KeralaLatest NewsNews

ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലെ വിശദാംശങ്ങള്‍ ഇങ്ങനെ :

 

കൊച്ചി: നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷസമര്‍പ്പിച്ചു. അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യ ഹര്‍ജിയുടെ വിശദാംശങ്ങള്‍

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തത്.
ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല.
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

പരാതിക്കാരന്‍ പ്രശസ്തനായ അഭിനേതാവാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളുമില്ല. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നയാളാണ് പരാതിക്കാരന്‍. അക്രമത്തിനിരയായ നടിക്ക് പരാതിക്കാരനെ വര്‍ഷങ്ങളായി അറിയാം. പരാതിയില്‍ അയാള്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെയുണ്ടായ അക്രമത്തില്‍ ആരേയും സംശയിക്കുന്നില്ലെന്ന കാര്യം പിന്നീട് അവര്‍ വ്യക്തമാക്കിയതുമാണ്.

ഒന്നാം പ്രതിയേയും കൂട്ടു പ്രതികളേയും അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പോലീസും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്. ജയിലില്‍ വെച്ച് ഒന്നാം പ്രതി പണം ആവശ്യപ്പെട്ട് പരാതിക്കാരന് എഴുതിയതെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കത്തെഴുതിയ ആള്‍ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ പോലീസ് ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടത്തിയില്ല. അന്നു മുതല്‍ പോലീസ് ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് പരാതിക്കാരനെ പീഡിപ്പിക്കുകയാണ്.

പരാതിക്കാരനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളില്‍ പലതും പരാതിക്കാരനുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുന്നതിനായി കെട്ടിച്ചമച്ചതാണ്. പലതും അന്വേഷണത്തിലിരിക്കുന്നതുമാണ്. പോലീസ് ഇതുവരെ ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ പ്രകാരം പരാതിക്കാരന്‍ സംശയത്തിന്റെ നിഴലില്‍ പോലും വരില്ല. പരാതിക്കാരന്റെ അറസ്റ്റ് ക്രിമിനല്‍ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ജയിലിലായ സമയത്ത് നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് പറയുന്ന ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് ഇതുവരെയും അന്വേഷണം നടത്തിയിട്ടില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരന്‍ കേരളത്തില്‍ വളരെ പ്രശസ്തനായ ചലച്ചിത്ര താരമാണ്. അദ്ദേഹം മുഖം എല്ലാവര്‍ക്കും പരിചിതമാണ്. അതു കൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കണമെന്ന് കരുതിയാല്‍പ്പോലും അദ്ദേഹത്തിന് അത് സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button