ബെംഗളൂരു: പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കുള്ള പ്രത്യേക പരിഗണന നൽകുന്ന സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി. ശശികലയുടെ ജയിൽ സൗകര്യം തെളിയിക്കുന്ന വിഡിയോ ദൃശ്യം ഉദ്യോഗസ്ഥരിൽ ചിലർ തന്നെ നശിപ്പിച്ചതായി ജയിൽ ഡിഐജി ഡി.രൂപ ആരോപിച്ചു. വിഡിയോ ക്യാമറയിൽ ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ചു താൻ സമർപ്പിച്ച റിപ്പോർട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു.
ജയിൽ ഓഫീസിലെ വീഡിയോ ക്യാമറയാണ് ഉപയോഗിച്ചത്. ജയിൽ ഓഫീസിലെ ഉദ്യോഗസ്ഥനോട് വിഡിയോ ഡൗൺലോഡ് ചെയ്തു പെൻഡ്രൈവിലാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ക്യാമറ തിരികെ കിട്ടിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.
ശശികലയ്ക്കു ജയിലിൽ അനുവദിച്ചിരിക്കുന്ന സൗകര്യങ്ങളുടെ തെളിവുകളെല്ലാം വിഡിയോയിൽ ഉണ്ടായിരുന്നുവെന്നും രൂപ അവകാശപ്പെട്ടു. സന്ദർശകരെ കാണാൻ ശശികലയ്ക്കു പ്രത്യേക സ്ഥലം തന്നെ അനുവദിച്ചിരുന്നു.
ഡിജിപി സത്യനാരായണ റാവുവും ഡിഐജി രൂപയും ഇന്നലെ വെവ്വേറെ ജയിലിലെത്തിയിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഡിഐജിയും ജയിലിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം എത്തുന്നതിനു മുന്നോടിയായാണ് ഇരു ഉദ്യോഗസ്ഥരും ജയിലിലെത്തിയത്.
Post Your Comments