KeralaLatest NewsNews

ദിലീപിന്റെ ഇമേജ് തിരിച്ചുപിടിയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപ് തരംഗമുയര്‍ത്തിയത് ദേശീയതലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മുന്‍നിര ഏജന്‍സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ രംഗത്തെത്തിയത് ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഏജന്‍സിയായ പിആര്‍ ഏജന്‍സിയായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ പ്രചരണ തന്ത്രങ്ങള്‍ ഉള്‍പ്പെടെ നിശ്ചയിക്കുന്ന ഏജന്‍സിക്ക് പത്തുകോടി രൂപ പ്രതിഫലം നിശ്ചയിച്ചാണ് നടനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരണം നടത്താന്‍ ചുമതലപ്പെടുത്തിയത് എന്ന വിവരവും പുറത്തുവരുന്നു. ഇതോടെ രണ്ടുദിവസമായി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അത് പിന്നെ സൈബര്‍ ഡോം ഏറ്റെടുത്തു. ഇപ്പോള്‍ ഈ ഏജന്‍സിയെ പൊലീസ് കണ്ടെത്തിയിരിക്കുന്നു.

ദിലീപിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത് സാക്ഷാല്‍ പിസി ജോര്‍ജായിരുന്നു. മുഖ്യമന്ത്രിക്ക് ദിലീപിന് വേണ്ടി കത്തെഴുതല്‍ വരെ നടന്നു. അതിന് ശേഷം പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ദിലീപിനെ അനുകൂലിച്ച് രംഗത്തുവന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്ന് പറയാതെ പറഞ്ഞാണ് ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കട്ടെ, അതുവരെ ഈ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും ഷോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.ദീലിപിനെതിരെ ഗൂഢാലോചന നടന്നതാവാമെന്നും ഷോണ്‍ പറയുന്നുണ്ട്. പിസി ജോര്‍ജ്ജിനും മകനും പിന്നാലെ സിനിമയിലെ ദിലീപ് അനുകൂലികളെല്ലാം എത്തി. ഇതോടെ ദിലീപിനായി പലതരം അനുകൂല ഇടപെടലുകളും. ഒടുവില്‍ ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയ പി.ആര്‍. ഏജന്‍സിയെ അന്വേഷണസംഘം കണ്ടെത്തി.

പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണു ക്രിമിനല്‍ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമമുണ്ടായത്.

അറസ്റ്റിലായ നടന്‍ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കും സൈബര്‍ ക്വട്ടേഷന്‍ സംഘം നേതൃത്വം നല്‍കി. മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാന്‍ അറിയപ്പെടുന്ന പലര്‍ക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതില്‍ ചില ദിലീപ് പോസ്റ്റുകള്‍ക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.

പത്തിലധികം പുതിയ ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് അനുകൂല വാര്‍ത്തകളുമായി സൈബര്‍ ലോകത്തു സജീവമായി. ഇതില്‍ വിദേശത്തു റജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐഡികളും (ഇന്റര്‍നെറ്റ് വിലാസം) ഉള്‍പ്പെടുന്നു.

എന്നാല്‍, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി സൈബര്‍ പ്രചാരണം ഏറ്റെടുത്ത ഈ ഏജന്‍സി എതിര്‍ സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.

അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കളും ഇതിനു പിന്നിലുണ്ട്.

അറസ്റ്റ്, കേസ്, വിചാരണ എന്നിവയെക്കാള്‍ ദിലീപിന്റെ അനുയായികളെ ആശങ്കപ്പെടുത്തുന്നതു നടന്റെ താരമൂല്യത്തിലുണ്ടായ ഇടിവാണ്. ഇത് ഏതുവിധേനെയും പരിഹരിക്കാനാണു ശ്രമം. കുറ്റവാളിയാണെന്നു കോടതി കണ്ടെത്തിയാല്‍ ശിക്ഷിക്കട്ടെയെന്നും മാധ്യമവാര്‍ത്തകള്‍ നിര്‍ത്തണമെന്നുമുള്ള ആവശ്യമാണു പ്രധാനമായും ഉന്നയിക്കുന്നത്.

ഭാഷയിലും പ്രചാരണത്തിലുമുണ്ട് പ്രഫഷണല്‍ ടച്ച്. ദിലീപ് ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള ഒരുപാടു പേരെ സഹായിച്ചിട്ടുണ്ടെന്നുള്ള തരത്തിലും പ്രചാരണമുണ്ട്. നടന് അനുകൂലമായി പ്രതികരിച്ച ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുമുണ്ട്.

നടനെ എതിര്‍ത്തു രംഗത്തുവന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം വിളിച്ചു പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി. ദിലീപിനെതിരെ പോസ്റ്റിട്ട യുവ നടന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നടത്തിയതിനെത്തുടര്‍ന്നു നടന്‍ നിലപാട് മയപ്പെടുത്തിയിരുന്നു.

കേസിന്റെ തുടക്കത്തില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയ ചില ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ നിശബ്ദരാക്കിയിട്ടുമുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും എന്ന തരത്തില്‍ ചില പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

ഈ കേസുമായി ബന്ധപ്പെട്ടു സ്ഥിരം ചര്‍ച്ചകള്‍ നടത്തുന്ന ചാനലുകളുടെ ഓഫിസിലേക്കു ഫോണ്‍ ചെയ്തു കോളുകള്‍ റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിക്കുന്നതാണു മറ്റൊരു തന്ത്രം. ദിലീപിനെതിരായ മാധ്യമവാര്‍ത്തകളില്‍ ജനങ്ങള്‍ക്കു കടുത്ത പ്രതിഷേധമുണ്ടെന്ന രീതിയില്‍ സംസാരിച്ചാണു കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.

ദിലീപിനൊപ്പം നില്‍ക്കുക എന്ന പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. ദിലീപുമായി വിവാഹബന്ധം വേര്‍പെടുത്തിയശേഷം ആദ്യമായി സിനിമയില്‍ അഭിനയിച്ചപ്പോള്‍ മഞ്ജു വാരിയര്‍ക്കെതിരെയും ഇത്തരത്തില്‍ സംഘടിതമായ സൈബര്‍ പ്രചാരണമുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button