Latest NewsKeralaNews

ഹവാലയും റിവേഴ്‌സ് ഹവാലയും പിടിമുറുക്കുന്ന മലയാള സിനിമാരംഗം

 

കൊച്ചി : മലയാള സിനിമാരംഗത്ത് ‘ റിവേഴ്‌സ് ഹവാല പിടിമുറുക്കിയതായി നിഗമനം. സാമ്പത്തിക ഇടപാടുകളെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രാഥമികാന്വേഷണം വിരല്‍ചൂണ്ടുന്നത് ഇതിലേയ്ക്കാണ്. ദുബായിയാണ് റിവേഴ്‌സ് ഹവാലയുടെ കേന്ദ്രം.

വിദേശത്തുനിന്നും പണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെ എത്തിക്കുന്നതാണ് ഹവാല. റിവേഴ്‌സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. നാട്ടില്‍ ക്രമവിരുദ്ധമായി സമ്പാദിയ്ക്കുന്ന പണം വിദേശത്ത് എത്തിയ്ക്കും. പലവിധ നിക്ഷേപങ്ങളായാണ് എത്തിക്കുക.

നിയമവിധേയമല്ലാത്ത വിധത്തില്‍ സംസ്ഥാനത്ത് വന്‍തോതില്‍ സമ്പത്ത് ഉണ്ടാക്കിയ പലരും പണം ദുബായിലും മറ്റും എത്തിച്ചതായാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ സിനിമാക്കാര്‍, തുടങ്ങിയവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.

സ്വര്‍ണത്തിന്റെ രൂപത്തിലാണ് പണം ഏറെയും തിരിച്ചെത്തുന്നത്. ആദ്യകാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു നിക്ഷേപം. അവിടെ സാധ്യതകള്‍ കുറഞ്ഞതോടെ കൂടുതല്‍ സുരക്ഷിതമായ ചലച്ചിത്ര മേഖലയിലേയ്ക്ക് തിരിഞ്ഞു.

കാണികളില്ലാതെ പ്രതിസന്ധിയിലായിരുന്ന മോളിവുഡ് പുത്തന്‍ പരീക്ഷണങ്ങളോടെ നില മെച്ചപ്പെടുത്തിയ കാലത്തായിരുന്നു പുതിയ സാമ്പത്തിക ശക്തിയുടെ കടന്നുവരവ്. സിനിമയുമായി ബന്ധമില്ലാതിരുന്ന പലരും നിര്‍മാതാക്കളായി എത്തി. ബോക്‌സോഫീസില്‍ മികച്ച വിജയം കിട്ടിയിട്ടും ചിലര്‍ രംഗത്തു നിന്നും അപ്രത്യക്ഷമായതും സംശയം ഉണര്‍ത്തുന്നുണ്ട്.

ചലച്ചിത്ര പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ചില സംഘടനകളുടെ മറ പിടിച്ച് സംഭാവനകള്‍ വന്നതായും വിലയിരുത്തപ്പെടുന്നു. മൂന്ന് വര്‍ഷം മുമ്പ് വരുമാന സംബന്ധമായ കേസുമായി ബന്ധപ്പെട്ട് ഒരു താരത്തിന്റേയും അടുത്ത ബന്ധുവിന്റേയും നിക്ഷേപം കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഈ സംഭവം വീണ്ടും വിലയിരുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button