ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണ ബില്‍, അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കി.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സുരക്ഷാ ഭീഷണികളെ നേരിടാന്‍ സഹായിക്കുന്ന രീതിയിലുള്ള സഹകരണ ബില്ലാണ് അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയത്. 621.5 ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ നയം, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ആമി ബെരയാണ് മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇതോടെ പൂര്‍ത്തിയാവുന്നത്.
2. അറസ്റ്റിലായ ദിലീപ്, ഭൂമി കയ്യേറിയെന്ന് ആരോപണം.
ചാലക്കുടിയില്‍ സിനിമാ സമുച്ചയം പണിയാനായി, നടന്‍ ദിലീപ് ഒരേക്കർ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തിനെതിരെയാണ് ഇപ്പോള്‍, അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതിനായി, റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫിസ് തൃശൂർ ജില്ലാ കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങള്‍ വന്നിരുന്നെന്നും എന്നാല്‍, ഏതോ ഒരു മന്ത്രി ഭരണകൂടത്തെ തടഞ്ഞതായും ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്.
3. പുതിയ പരീക്ഷണങ്ങളുമായി കെ.എസ്.ആര്‍.ടി.സി.
കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടകണക്കുകള്‍ എന്നും വാര്‍ത്തയാവുന്ന സാഹചര്യത്തിലാണ് ഭരണ രംഗം പ്രൊഫഷണല്‍ രീതിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ, ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിരുന്ന സ്ഥാനകയറ്റം മാറ്റി, ഭരണ നിര്‍വ്വഹണ രംഗത്തടക്കം അടിമുടി പ്രൊഫഷണല്‍ ആക്കാനാണ് പുതിയ തീരുമാനം. ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നിങ്ങനെ തുടങ്ങി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വരെയുളള തസ്തികകളിലേക്കുള്ള നിയമനത്തില്‍ ആകെ 11 ഒഴിവുകളാണ് ഉള്ളത്. മൂന്നു വര്‍ഷത്തെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
4. സ്കൂളുകളില്‍ ജാമര്‍ സ്ഥാപിക്കുന്നു.
കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അശ്ലീല ശീലങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നത് ഇത്തരത്തിലുള്ള വെബ് സൈറ്റുകളാണ് . കഴിഞ്ഞ മൂന്നു മാസം കൊണ്ട്, ആയിരത്തിലധികം സൈറ്റുകള്‍, കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതുകൂടാതെ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍
പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെയും കേന്ദ്രം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, സ്കൂള്‍ ബസ്സുകളില്‍ ജാമര്‍ സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
5. ബിലാല്‍ ധറിന് ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി.
ആക്രി വസ്തുക്കള്‍ ശേഖരിക്കല്‍ ജീവിതോപാധിയാക്കിയ 18കാരന്‍, വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുലാര്‍ തടാക പരിസരത്തുനിന്നുമുള്ള ആക്രിവസ്തുക്കള്‍ ശേഖരിച്ചാണ് ജീവിച്ചിരുന്നത്. വര്‍ഷങ്ങളായി പ്രദേശത്തെ മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കുന്ന ബിലാല്‍ എല്ലാവര്‍ക്കും
മാതൃകയാണെന്ന് കാണിച്ചാണ്, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബിലാലിന് ബ്രാന്‍ഡ് അംബാസഡര്‍ പദവി നല്‍കിയിരിക്കുന്നത്. തടാകത്തില്‍ നിന്നുള്ള പഴയ വസ്തുക്കള്‍ ശേഖരിച്ച് ദിവസവും 150 മുതല്‍ 200 രൂപ വരെയാണ് ഇദ്ദേഹം സമ്പാദിച്ചിരുന്നത്. പ്രകൃതിയോടുള്ള പ്രതിബദ്ധതയെകുറിച്ചും മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് ഇനി ബിലാലിന്റെ ഉത്തരവാദിത്വം.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ഇന്ന് ലോക പ്ലാസ്റ്റിക് സര്‍ജറി ദിനം. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് തൊട്ട് ജന്മനായുള്ള വൈകല്യങ്ങള്‍ക്ക് വരെ പരിഹാരം കാണുന്നവയാണ് ഇന്നത്തെ പ്ലാസ്റ്റിക് സര്‍ജറികള്‍.
2. 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.
3. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകുമെന്ന് സൂചന. ഇതുവരെയും കുറ്റം സമ്മതിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് പദ്ധതിയിടുന്നത്.
4. ജനപിന്തുണയില്‍ മൂന്നാം സ്ഥാനം നേടി മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ 73 ശതമാനം പേര്‍ മോദിസര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചതായി സര്‍വേ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അംഗീകാരം.
5. സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്നവരില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. രാജ്യാന്തര കുടിയേറ്റ സംഘടനയായ, ഐഒഎം ആണ് ഈ വിവരം പുറത്ത് വിട്ടത്.
6. സ്മാര്‍ട്ട്‌ഫോണിലെ ആപ്പുകള്‍ വഴി, രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന് വന്‍ വര്‍ദ്ധന. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പുകള്‍ ജിഡിപിയില്‍ ചേര്‍ത്തത്, 1.4 ലക്ഷം കോടി രൂപ.
7. വാസ്തു ദോഷത്തെ പഴിച്ച്, മധ്യപ്രദേശ് കോണ്‍ഗ്രസ്സ് നേതാക്കള്‍. കഴിഞ്ഞ 14 വര്‍ഷവും, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ പരാജയമായതിനെ തുടര്‍ന്നാണിത്.
8. ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.
9. കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഈ മാസം 21 വരെ നട തുറന്നിരിക്കും.
Post Your Comments