KeralaLatest NewsNews

വില്ലനെന്ന് മുദ്രകുത്തുമ്പോഴും ദിലീപ് നല്ല മനസ്സിന്റെ ഉടമയെന്ന് തെളിയുന്നു : ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 55 കോടിയുടെ സുരക്ഷിത ഭവനം പദ്ധതി

 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ക്രിമിനലെന്ന് മുദ്രകുത്തുമ്പോള്‍ അദ്ദേഹം ചെയ്തിട്ടുള്ള നല്ലവശങ്ങളൊന്നും ആരും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് പാവപ്പെട്ട ചില മനുഷ്യരുടെ പ്രതീക്ഷകള്‍ കൂടിയാണ്. ദിലീപിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍ദ്ധനര്‍ക്കായി വീടു വെച്ചു നല്‍കുന്ന സുരക്ഷിത ഭവനം എന്ന പദ്ധതിയാണ് ഇതോടെ താറുമാറായത്. 55 കോടി രൂപയുടെ ”സുരക്ഷിതഭവനം” പദ്ധതിയില്‍ നിര്‍ധനര്‍ക്കായി 1000 വീടുകള്‍ പണിതു നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. ദിലീപിന്റെ അച്ഛന്റെ സ്മരണയ്ക്കായി ആരംഭിച്ച ജി.പി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ഇതിനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണവും ഉണ്ടായിരുന്നു. ഈ പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിയ്ക്കുന്നത്.

ഈ പദ്ധതിയില്‍പ്പെട്ട മൂന്നു വീടുകളുടെ പണി പൂര്‍ത്തിയാക്കി കെമാറിയിരുന്നു. മറ്റ് മൂന്നു വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്തു. ദിലീപിന്റെ സൗകര്യം നോക്കി ഈ വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് നടത്താനിരിക്കെയാണ് താരം ജയിലിലായത്. ദിലീപില്ലെങ്കിലും താക്കോല്‍ദാനം നടത്തി വീടുകള്‍ കൈമാറുമെന്നു പദ്ധതിയുമായി സഹകരിക്കുന്ന ആക്ഷന്‍ ഫോഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു. രണ്ടു വീടുകളുടെ നിര്‍മ്മാണം പാതിവഴിയിലാണ്. ഇവയും പൂര്‍ത്തിയാക്കി നല്‍കും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് ദിലീപിന്റെ അറസ്റ്റോടെ അനിശ്ചിതത്വത്തിലായത്.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കേരളത്തിന്റെ പതിനാല് ജില്ലകളില്‍ നിന്നുമായി പത്ത് പേര്‍ക്ക് വീതം 140 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചത്. വീടിനായി 35,000-ല്‍ പരം അപേക്ഷകളാണു ലഭിച്ചത്. ജില്ല തിരിച്ച് മുന്‍ഗണനാ പട്ടികയും തയാറാക്കിയിരുന്നു.

പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിന് പുറമേ നിരവധി സാമൂഹിക സേവന പരിപാടികളും ദിലീപിന് ഉണ്ടായിരുന്നു. രക്തദാന പരിപാടികള്‍ ഉള്‍പ്പെടെ സാമൂഹിക സേവനരംഗത്ത് ദിലീപ് സജീവമായിരുന്നു. സാമ്പത്തിക സ്രോതസുകള്‍ക്കൊപ്പം ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button