അബുദാബി: യുവതലമുറ ലഹരിപദാര്‍ത്ഥങ്ങളില്‍ അടിമപ്പെടുകയാണോ? കുട്ടികളെയും കൗമാരക്കാരെയും ലഹരിയില്‍ കുടുക്കാന്‍ വന്‍ മാഫിയ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. പലതരത്തിലുള്ള മരുന്നുകളാണ് രഹസ്യമായി വില്‍ക്കപ്പെടുന്നത്.
ചിരി വാതകം എന്ന് വിളിക്കപ്പെടുന്ന ഈഥൈല്‍ ക്ലോറൈഡ് സ്‌പ്രേ ആണ് കൗമാരക്കാരെ വലയിലാക്കാന്‍ ഈ സംഘങ്ങള്‍ ഉപയോഗിക്കുന്ന ഒരു വഴി. ഈ വാതകം ശ്വസിച്ചതുമൂലമുണ്ടായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി കൗമാരക്കാര്‍ ആശുപത്രികളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നല്‍കിയതായി അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീറി പറഞ്ഞു.
ഇത്തരം അപകടകരമായ വസ്തുക്കളുടെ വില്‍പന നിയന്ത്രിക്കണമെന്ന് നിര്‍ദേശിക്കുന്നു. കര്‍ശന നിരീക്ഷണം വേണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. അവധിക്കാലമാകയാല്‍ കുട്ടികളെ വലയിലാക്കാന്‍ ലഹരി കച്ചവടക്കാര്‍ പലതരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. പാര്‍ക്കുകളിലും നിരത്തുകളിലും കുട്ടികളെ പ്രലോഭിപ്പിച്ച് ചങ്ങാത്തം സ്ഥാപിക്കുന്ന ഇവര്‍ ഇത്തരം മരുന്നുകള്‍ ഇവരെ പരിചയപ്പെടുത്തുന്നു.
തമാശക്ക് ഉപയോഗിക്കാനാണെന്നും ചിരി വരുമെന്നുമെല്ലാം പറഞ്ഞ് നല്‍കുന്ന ഈ വാതകം കൗതുകത്തിനായി ചിലര്‍ ഉപയോഗിക്കുന്നു. മാതാപിതാക്കളും മുതിര്‍ന്നവരും ഈ വിപത്തിനെക്കുറിച്ച് ബോധവാന്‍മാരാവുകയും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുകയും വേണമെന്നും മന്ത്രാലയം പറയുന്നു. ഹൃദയ തകരാറുകള്‍, രക്ത ഓട്ടം കുറയല്‍, വിറയല്‍, ഉറക്കമില്ലായ്മ, ഉല്‍കണ്ഠ, കടുത്ത തലവേദന തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവര്‍ക്ക് പിടിപെടുന്നത്.
Post Your Comments