ഒരു പ്രവാസിയെ സംബന്ധിച്ച് സുപ്രധാനമായ ഒരു രേഖയാണ് ഇഖാമ. ഇഖാമ ഇല്ലാതെ സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാനോ ചികിത്സ തേടാനോ സാധിക്കില്ല. ഒരു തൊഴിലാളിയുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ എല്ലാം തന്നെ ഇഖാമയില്‍ ഉണ്ടായിരിക്കും. ഓരോ ഇഖാമക്കും പ്രത്യേക നമ്പറും ഉണ്ടാകും. താമസക്കാരന്റെ പേര്, അയാളുടെ ജോലി, ജനിച്ച തീയതി, ഇഖാമ തീരുന്ന തീയതി, ഇഖാമ ഇഷ്യൂ ചെയ്ത സ്ഥലം , ഫോട്ടോ എന്നിവ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇഖാമ ഇഷ്യൂ ചെയ്ത് നല്‍കുന്നത്.
ഇഖാമ നഷ്ടപ്പെട്ടാല്‍ ആദ്യം സ്പോണ്‍സറെ അറിയിക്കുകയാണ് വേണ്ടത്. പിന്നീട് സ്പോണ്‍സറുടെ സഹായത്തോടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കണം. പരാതി അറബിക് ഭാഷയില്‍ ആയിരിക്കണം. 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയില്ലെങ്കില്‍ പിഴ ചുമത്താന്‍ ജവാസാതിന് അധികാരമുണ്ട്. പരാതി നല്‍കിയതിന് ശേഷം അറബി ദിനപത്രത്തില്‍ ഇഖാമ നഷ്ടപ്പെട്ട വിവരം കാണിച്ച് പരസ്യം നല്‍കണം. അതിന് ശേഷം പുതിയ ഇഖാമ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം ജവാസാതില്‍ നിന്ന് വാങ്ങുക. അപേക്ഷയോടൊപ്പം ഇഖാമ നഷ്ടപെട്ട സാഹചര്യത്തെ കുറിച്ചും നഷ്ടപെട്ട സ്ഥലത്തെ കുറിച്ചും അറബി ഭാഷയിലുള്ള കത്ത് സ്പോണ്സറില് നിന്ന് എഴുതി വാങ്ങുക. കത്തില്‍ സ്പോണ്‍സറുടെ ഒപ്പ് ഉണ്ടായിരിക്കണം. ഈ കത്തും നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.
അതിന് ശേഷം നഷ്ടപ്പെട്ട ഇഖാമക്കുള്ള പിഴയും പുതിയ ഇഖാമയുടെ ഫീസും അംഗീകൃത ബാങ്കില്‍ അടക്കുക. നഷ്ടപ്പെട്ട ഇഖാമക്ക് പിഴയായി 1000 സൗദി റിയാലും നഷ്ടപ്പെട്ട ഇഖാമയുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 500 സൗദി റിയാലും സഹിതം അടക്കണം. റിയാദ് ബാങ്കിലോ, അല്‍രാജ്ഹി ബാങ്കിലോ അടക്കാം. പിഴ അടച്ച ശേഷം അതിന്റെ രസീതിയും മേല്‍ പറഞ്ഞ എല്ലാ പേപ്പറുകളും അടക്കം ജവാസാതില്‍ സമര്‍പ്പിക്കുക. ഈ അപേക്ഷ സമര്‍പ്പിക്കാന്‍ അറബി പത്രത്തില്‍ പരസ്യം കൊടുത്ത് ഒരു മാസം കഴിയണം. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം പുതിയ ഇഖാമ ലഭിക്കും.
Post Your Comments