Latest NewsLife StyleHealth & Fitness

കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി മേക്ക്അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക

കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി നിങ്ങള്‍ മേക്ക്അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക വരണ്ട കണ്ണുകള്‍ എന്നറിയപ്പെടുന്ന മെയ്‌ബോമിയന്‍ ഗ്ലാന്‍ഡ് ഡിസ്ഫങ്ഷന്‍ (എംജിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാഴ്ച ശക്തിയെ ബാധിക്കുന്ന ബ്ലെഫാരിറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. പ്രായമായവരിലാണ് എംജിഡി സാധാരണ കണ്ടു വന്നിരുന്നത് എന്നാലിപ്പോള്‍ ചെറുപ്പക്കാരിലും സംഭവിക്കുന്നതായാണ് ചികിത്സാ രംഗത്തെ പുതിയ കണ്ടെത്തല്‍. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാണപ്പെടുന്ന റെറ്റിനോയിഡ് മെയ്‌ബോമിയന്‍ ഗ്രന്ഥിയിലെ രക്തകോശങ്ങളെ നശിപ്പിക്കും. കണ്‍പോളകള്‍ക്കുള്ളില്‍ ഐലൈനര്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് കണ്ണുകള്‍ക്ക് തകരാര്‍ സംഭവിക്കാനും കാഴ്ച ശക്തി കുറയാനും ഉള്ള സാധ്യത കൂടുതലാണന്ന് കാനഡയിലെ യൂണിവേഴ്‌സിറ്റ് ഓഫ് വാട്ടര്‍ലൂവിന്റെ പഠനം പറയുന്നു.

മേക്അപ് മൂലമുണ്ടാകുന്ന എംജിഡി വളരെ അപകടകരമാണ്. വരണ്ട കണ്ണുകള്‍, ബ്ലെഫാരിറ്റിസ്, കാഴ്ചശക്തി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എംജിഡി. കണ്ണുനീര്‍ വറ്റിപോകാതെ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന എണ്ണമയം ഉത്പാദിപ്പിക്കുന്ന ഇത്തരം നാല്‍പതോളം ഗ്രന്ഥികള്‍ കണ്ണില്‍ ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഈ എണ്ണ കട്ടപടിക്കുന്നതോടെ ഒഴുക്ക് തടസ്സപ്പെടുകയും ഇത് അടിഞ്ഞ് കൂടി ഗ്രന്ഥിയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും, ഇത് കണ്‍പോളകളില്‍ വീക്കം ഉണ്ടാക്കും. ഇത്തരത്തില്‍ തടസ്സപ്പെട്ട എണ്ണ ഗ്രന്ഥികളാണ് ചുവന്ന നീര്‍ത്ത കണ്‍പോളകള്‍ക്ക് കാരണമാകുന്നത്.

കണ്ണുകളില്‍ മേക് അപ് ഉപയോഗിക്കുന്ന 40 ശതമാനം സ്ത്രീകളെയും ഈ പ്രശ്‌നം ബാധിക്കാറുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നനവ് തട്ടാതെയും ഇളകാതെയും ഇരിക്കുന്നതിന് മസ്‌കാരയിലും ഐലൈനറിലും ഉപയോഗിക്കുന്ന പരാബെന്‍, യെല്ലോ വാക്‌സ് എന്നിവ കണ്ണിലെ എണ്ണ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിക്കുകയും എംജിഡി, കണ്‍പോള വീക്കം, വരണ്ട കണ്ണുകള്‍, ബ്ലെഫാരിറ്റിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button