Latest NewsNewsInternational

മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി

യു.എസ്: മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മജീവിയെ കണ്ടെത്തി. യുഎസിലെ അലബാമയിൽ മെക്സിക്കോ ഉൾക്കടലിലാണ് കണ്ടെത്തിയത്. മനുഷ്യമാംസം ‘തിന്നുതീർക്കുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് മെക്സിക്കോ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലൊന്നായ മൊബീലിൽ ഒഴിവുകാലം ചെലവഴിക്കാനെത്തിയ വയോജന ദമ്പതിമാരെ അപകടത്തിലാക്കിയത്. എഴുപതുകാരിയായ ഭാര്യ ചൂണ്ടയിടാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെ ചെറുതായി കൈയ്യിലൊരു മുറിവേറ്റു. അപ്പോൾ കാര്യമാക്കിയില്ല. പിന്നീട് കുറച്ചുനേരം കടലിലൊക്കെയിറങ്ങി കുളിച്ച് തിരികെ പോരുകയായിരുന്നു.

എന്നാൽ ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ, ഛർദ്ദിക്കാൻ വരുന്നതു പോലെ, ഒപ്പം കനത്ത തലവേദനയും ഭാര്യക്ക് അനുഭവപെട്ടു. കയ്യിലുണ്ടായ മുറിവിനു ചുറ്റും ചുവപ്പും ചെറിയ തടിപ്പും വന്നു തുടങ്ങി. അതുപിന്നെ പൊള്ളലേറ്റതു പോലെ വലുതായി. ഉടൻ തന്നെ ഭാര്യയുമായി ഭർത്താവ് ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർ പറഞ്ഞത് കൃത്യസമയത്ത് എത്തിച്ചതുകൊണ്ട് ജീവൻ രക്ഷപെട്ടു എന്നാണ്. അതും 10 ദിവസത്തോളം ഒരു സൂക്ഷ്മജീവിയോട് പടവെട്ടിയാണ് അദ്ഭുതകരമായ ഈ രക്ഷപ്പെടൽ എന്നും ഡോക്ടർമാർ പറഞ്ഞു.

ആ എഴുപതുകാരി മനുഷ്യമാംസം ‘തിന്നുന്ന’ വിബ്രിയോ വുൾനിഫിക്കസ് എന്ന ബാക്ടീരിയയുടെ പിടിയിൽ നിന്നാണ് രക്ഷപ്പെട്ടത്. സാധാരണ ഇതിന്റെ ആക്രമണമേറ്റാൽ രക്ഷപ്പെടുക വിരളം. ഇവ ബാധിച്ച ഭാഗം മുറിച്ചു കളയേണ്ടിയും വരാറുണ്ട്.

സാധാരണ മെക്സിക്കോ ഉൾക്കടലിൽ വേനൽക്കാലത്ത് ഈ ബാക്ടീരിയങ്ങള്‍ കാണപ്പെടാറുണ്ട്. ഇവയെ ചൂടുവെള്ളത്തിലാണ് സാധാരണ കാണപ്പെടുന്നതും. മുറിവുകളിലൂടെയും വായിലൂടെയുമാണ് ശരീരത്തിന് അകത്തെത്തുക. ശരീരത്തിൽ പ്രവേശിച്ച് 24 മുതൽ 72 മണിക്കൂറിനകം രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും. 24 മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചാൽ 80 ശതമാനം കേസുകളിലും രക്ഷപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 മനംപിരട്ടൽ, ഛർദ്ദി, പനി, വിറയൽ, മുറിവിനു ചുറ്റും പൊള്ളലേറ്റതു പോലെയാകുക, ചുവന്നുതടിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങൾ. കനത്ത തലവേദനയുമുണ്ടാകും. നല്ല പോലെ സോപ്പും വെള്ളവുമുപയോഗിച്ച് ബാക്ടീരിയ ബാധയേറ്റ ഭാഗം കഴുകുകയാണ് പ്രാഥമിക നടപടി. മുറിവിൽ ആൾക്കഹോൾ പ്രയോഗം നടത്തുന്നതും അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button