പാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന കര്‍ശന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ ട്രംപ്, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചന നല്‍കിയത്.
അതേസമയം, പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനത്തോട് ‘ബഹുമാനം’ മാത്രമേയുള്ളൂവെന്ന് ട്രംപിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട മാക്രോ വ്യക്തമാക്കി. അതേസമയം, ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ഫ്രാന്‍സിനുള്ള പ്രതിജ്ഞാബദ്ധതയും മാക്രോ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
‘പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കു’മെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്കുശേഷം മാക്രോയ്‌ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് നല്‍കിയത്. എന്നാല്‍, എന്തു തരത്തിലുള്ള മാറ്റമാണ് സംഭവിക്കുകയെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ‘എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാ’യിരുന്നു ട്രംപിന്റെ നിലപാട്.
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു യുഎസ് പിന്മാറിയാലും ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുമെന്നു അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയില്‍ 18 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം അംഗീകരിച്ചുകൊണ്ടാണ് വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പൊതുവേദിയായ ജി20 ഉച്ചകോടി ഇക്കാര്യം അറിയിച്ചത്. ഉടമ്പടിയിലേക്കു യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments