കർക്കടക മാസത്തിൽ നാലമ്പല ദർശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനാണ് നാലമ്പലം ദർശനം എന്നു വിശേഷിപ്പിക്കുന്നത്.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതൻസ്വാമി ക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, തൃശൂർ ജില്ലയിലെ പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഒരേദിവസം തൊഴുതു പ്രാർഥിക്കുന്നത് പുണ്യമായാണ് ഭക്തർ കണക്കാക്കുന്നത്.
വ്രത ശുദ്ധിയോടെ തൃപ്രയാറിൽ നിർമാല്യം തൊഴുത് ഉച്ചപ്പൂജയ്ക്കു മുൻപ് പായമ്മൽ എത്തണമെന്നാണു വിശ്വാസം. തുടർന്ന് ശത്രുഘ്നസ്വാമിയെ വണങ്ങിയശേഷം വീണ്ടും തൃപ്രയാറിലെത്തി ശ്രീരാമസ്വാമിയെ ദർശിച്ചാലേ നാലമ്പല ദർശനം പൂർണമാകൂ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജ ചെയ്തിരുന്ന വിഗ്രഹങ്ങളാണ് നാലമ്പലങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടെ കടലെടുത്ത വിഗ്രഹങ്ങൾ ഒരിക്കൽ കടലിൽപോയ മുക്കുവരുടെ വലയിൽ കുടുങ്ങുകയായിരുന്നു. നാലു വിഗ്രഹങ്ങളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മുക്കുവർക്കു ലഭിച്ചത്.
അവർ അത് അയിരൂർ കോവിലകം മന്ത്രിയായിരുന്ന വാക്കയിൽ കൈമളെ ഏൽപ്പിച്ചു. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു വരുത്തി പ്രശ്നംവച്ചപ്പോൾ ഇവ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണെന്നു മനസ്സിലാക്കുകയും അവ നാലിടങ്ങളിലായി പ്രതിഷ്ഠിക്കുകയുമായിരുന്നു വെന്നാണ് ഐതിഹ്യം. നാലു വിഗ്രഹങ്ങളും ഒരേ ദിവസമാണു പ്രതിഷ്ഠിച്ചതെന്നാണു സങ്കൽപം. നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തണമെന്നു പറയുന്നതും അതുകൊണ്ടുതന്നെ. ഹനുമൽ സാന്നിധ്യം എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്.
ഖരവധത്തിനു ശേഷം സംപ്രീതനായിനിൽക്കുന്ന ശ്രീരാമനാണു തൃപ്രയാറിലേത്. വാക്കയിൽ കൈമൾക്കു ലഭിച്ച വിഗ്രഹങ്ങളിൽ ആദ്യം പ്രതിഷ്ഠ നടത്തിയത് തൃപ്രയാറിലാണെന്നാണു വിശ്വാസം. വിഗ്രങ്ങൾ ഒരേ ദിവസം ഒരേ മുഹൂർത്തത്തിലാണു പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
തൃപ്രയാറിൽ ശ്രീരാമസ്വാമിയെ തൊഴുതു കഴിഞ്ഞാൽ അടുത്തതായി വണങ്ങേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരതസ്വാമിയെയാണ്. വനവാസം കഴിഞ്ഞ് ശ്രീരാമൻ തിരിച്ചെത്തുന്നതിന്റെ സന്തോഷത്താലുള്ള മുഖഭാവത്തോടു കൂടിയതാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ഭരത പ്രതിഷ്ഠ. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി ഇവിടെ രണ്ടു നാലമ്പലവും ശ്രീകോവിലിനുള്ളിൽ രണ്ട് അറകളുമുണ്ട്.
മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പൂജകളിലും ചടങ്ങുകളിലുമെല്ലാം കൂടൽമാണിക്യം വേറിട്ടു നിൽക്കുന്നു. ഇവിടെ പൂജയ്ക്ക് കർപ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല. തുളസി പൂജയ്ക്ക് ഉപയോഗിക്കുമെങ്കിലും തുളസി ചെടികൾ ക്ഷേത്രവളപ്പിൽ വളരില്ല. തുളസി, ചെത്തി, താമര എന്നീ മൂന്നു പുഷ്പങ്ങൾ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കാറുള്ളൂ. ദീപാരാധനയില്ല. ഉഷപൂജ, പന്തിരടി പൂജ എന്നിവയും നടത്താറില്ല. എതിർത്തുപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണുള്ളത്. ഉൽസവബലിയില്ല, ശ്രീഭൂതബലിമാത്രം. നിവേദ്യംവയ്ക്കുന്നത് എത്രവലിയ പാത്രത്തിലായാലും അത് ഇറക്കാൻ ഒരാൾമതി, സഹായത്തിന് ഹനുമാൻസ്വാമിയുണ്ടാകും.
അടുത്ത പോകേണ്ടത് തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രത്തിലാണ്. വിടത്തെ ലക്ഷ്മണസ്വാമിയുടെ പ്രതിഷ്ഠയെക്കുറിച്ചു രണ്ടു വിശ്വാസങ്ങൾ കേട്ടിട്ടുണ്ട്. ഇന്ദ്രജിത്തിനെ വധിക്കാനുള്ള ശക്തി സംഭരിക്കാൻ അഗ്നിമാത്രം ഭക്ഷിച്ചു കഠിന തപസ്സ് അനുഷ്ഠിക്കുന്ന ലക്ഷ്മണന്റെ രൂപമാണെന്നും അതല്ല, വനവാസത്തിനിടെ രാമനും സീതയും ചിത്രകൂടത്തിൽ വസിക്കുമ്പോൾ ഭരതൻ അങ്ങോട്ടുവരുന്നതു കണ്ട് യുദ്ധത്തിനാണെന്നു കരുതി കോപിച്ചശേഷം സത്യം മനസ്സിലാക്കി പശ്ചാത്താപ വിവശനായ ലക്ഷ്മണരൂപമാണു പ്രതിഷ്ഠയെന്നുമാണു വിശ്വാസങ്ങൾ.
കൂടൽമാണിക്യ ക്ഷേത്രത്തിനടുത്താണെങ്കിലും തിരുമൂഴിക്കുളത്തു ചെന്നശേഷമേ പായമ്മൽ ക്ഷേത്രത്തിൽ ദർശനം നടത്താവൂ. ലവണാസുര വധത്തിനു തയാറായി ക്രോധത്തോടെ നിൽക്കുന്ന ശത്രുഘ്നനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറായി ഗണപതി വിഗ്രഹവുമുണ്ട്. ശ്രീകോവിലിന്റെ അതേ ശിലയിൽത്തന്നെയാണ് ഗണപതി വിഗ്രഹവും. മഹാവിഷ്ണുവിന്റെ മഹാസുദർശന ചക്രത്തിന്റെ പ്രതീകംകൂടിയാണ് ആ ക്ഷേത്രം. കുംഭമാസത്തിലെ പൂയംനാൾ കൊടിയേറി അഞ്ചുനാൾ നീളുന്നതാണ് ഇവിടത്തെ ഉൽസവം.
Post Your Comments