Devotional

കര്‍ക്കിടക ചികിത്സയിലൂടെ ആരോഗ്യം; സുഖ ചികിത്സയുടെ പ്രത്യേകതകള്‍

കേരളത്തിന്‍റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളില്‍ ഒന്നാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദ ചികിത്സാ രീതി  ഇതിനായി കര്‍ക്കടക മാസത്തിലെ ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ രോഗങ്ങള്‍ കീഴ്പ്പെടുത്തും.
വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും മാറ്റങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ്‌ സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖ ചികിത്സ നടത്താറില്ല. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.
സാധാരണയായി ഏഴ്‌ /പതിനാല്‌ / ഇരുപത്തിയൊന്ന്‌ ദിവസങ്ങള്‍ ആണ്‌ സുഖചികിത്സയ്‌ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച്‌ രണ്ടും മൂന്നും ദിവസംകൊണ്ട്‌ ചികിത്സ ചെയ്‌തു തീര്‍ക്കുന്നവരുണ്ട്‌. ഇത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു ആചാര്യന്‍മാര്‍ പറയുന്നു. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്‌തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്‌തുവരാറുണ്ട്‌. വിദഗ്‌ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.
വ്യക്‌തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സമ്പ്രദായമാണ്‌ സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്‌ഥ ചികിത്സ. ജീവിത രീതി കൊണ്ടും ക്രമരഹിതമായ ആഹാര രീതികള്‍ കൊണ്ടും ശരീരം മലിനമാവുന്നു. ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആഗീരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ്‌ സുഖ ചികിത്സയുടെ പ്രധാന തലങ്ങള്‍.
സമഗ്രമായ ആരോഗ്യ രക്ഷയ്‌ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്‌ജമാക്കുകയും അസ്വസ്‌ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന്‌ അല്‍പനേരത്തേക്ക്‌ വിശ്രാന്തി നല്‍കുകയുമാണ്‌ ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്‌.ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച്‌ പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല.
എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്‌തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്‌ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ്‌ സുഖ ചികിത്സ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സുഖ ചികിത്സയില്‍ മസാജ്‌, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയാണുള്ളത്‌. ഇതിനു ശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്‌. മസാജ്‌ ശരീരത്തിന്‌ ഉന്മേഷം നല്‍കുന്നു. ധന്വന്തരം, പ്രഭഞ്ചനം, കൊട്ടന്‍ചുക്കാദി തുടങ്ങിയവ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നു. അതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് തേച്ചുകുളി.  സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത്‌ ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച്‌ ദേഹം പുഷ്‌ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച്‌ കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്‌.
രക്‌തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത്‌ നല്ലതാണ്‌. ആരോഗ്യരക്ഷയ്‌ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത്‌ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും. ആഹാരം, ഔഷധം എന്നിവപോലെ തന്നെയാണ്‌ ഉറക്കവും. ദിവസവും ചുരുങ്ങിയത്‌ ആറുമണിക്കൂര്‍ ഉറങ്ങണം. പകലുറക്കം നല്ലതല്ല. ഈ സമയത്ത്‌ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ശരീരത്തെ ബാധിക്കുമെന്നതിനാല്‍ നല്ല ശീലങ്ങള്‍ മാത്രം പിന്തുടരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button