
കർക്കിടക മാസമായതിനാൽ തന്നെ അതിനോട് അനുബന്ധിച്ചു പല വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കേരളത്തിൽ നിലവിൽ ഉണ്ട് . ആ വിശ്വാസങ്ങൾ എന്തിനു ഉണ്ടായി എന്നു മനസിലാക്കേണ്ടത് ആവശ്യമാണ് എന്നാലേ എന്തു കൊണ്ടു അതിനു ഇന്ന് പ്രസക്തിയില്ലാ എന്നു യുക്തിയോടെ വാദിച്ചു തോൽപ്പിക്കാൻ പറ്റുകയുള്ളൂ. കർക്കിടകം മാസത്തിൽ കാല വർഷം അത്യുഗ്രമായി നടക്കുന്ന സമയം. പണ്ട് കാലത്തു പുതിയ കൃഷിയും മറ്റു പ്രവർത്തികളും ഇക്കാലഘട്ടത്തില്‍ ഇല്ലാ, സംഭരിച്ച വെച്ച ഭക്ഷണത്തിൽ വേണം ജീവിതം ആയതിനാൽ ഭക്ഷണ ദാരിദ്ര്യം ഉണ്ടാവാം. അതു കൊണ്ടു പഞ്ഞ മാസം എന്നു പേരും വന്നു.
ഇന്നത്തെ കാലത്തു മാളിലും സൂപ്പർ മാർക്കറ്റിലും പോയാൽ കർക്കിടകത്തിലും എല്ലാം കിട്ടും അപ്പോൾ നമ്മൾ ആലോചിക്കേണ്ടത് ഇന്ന് അതിനെ പഞ്ഞ മാസം എന്നു വിളിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ? പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ കോരി പെയ്യുന്ന മഴയുടെ തണുപ്പത്തു വീട്ടിലിരിക്കുന്നതു ഒഴിവാക്കുന്നതിനായി രാമായണ പാരായണം, നാലംബല ദർശനം ഇങ്ങനെ ആദ്ധ്യാത്മിക കാര്യങ്ങളിൽ പണ്ടുള്ളവർ ഏർപ്പെട്ടു. അങ്ങനെ കർക്കിടകം രാമായണ മാസവും ആയി . കർക്കിടകം ആയതു കൊണ്ടു പണിക്കു പോകാതിരിക്കുന്നുണ്ടോ ? രാമായണം ഒക്കെ വായിച്ചു വീട്ടിൽ സമയം കളയാൻ നേരമുണ്ടോ ? അപ്പൊ രാമായണ മാസം എന്നു അതിനെ വിളിക്കുന്നതിൽ എന്തു യുക്തി ?
മഴ മൂർഛിക്കുന്ന മാസമാണല്ലോ കർക്കിടകം അപ്പോൾ മടിയും ചടഞ്ഞു കൂടി ഇരിക്കാനും സ്വാഭാവികമായി അധികം തോന്നിയെന്നിരിക്കാം. പോരാത്തതിന് കർക്കിടകം തുടങ്ങിയാൽ ചികിത്സ, രാമായണ പാരായണം എന്നിവയൊക്കെ ചാർത്തി വെച്ചിട്ടും ഉണ്ട്. അപ്പോൾ ഈ മടി കാലത്തിനു മുൻപ് വീടെല്ലാം ഒന്നു അടിച്ചു പെറുക്കി വൃത്തിയാക്കുന്നതല്ലേ ബുദ്ധി . അല്ലേൽ പലതരം ചെറുപ്രാണികൾ വീട്ടിൽ കേറാനുള്ള സാധ്യതയും ജാസ്തിയാണ് . അങ്ങനെ മുന്നേയുള്ള മിഥുന മാസത്തിന്റെ അവസാനം വീട് അടിച്ചു വൃത്തിയാക്കൽ ഒരു ചടങ്ങാക്കി മാറ്റി.
കർക്കിടകം ഒന്നിന് വൃത്തിയാക്കൽ ഒക്കെ കഴിഞ്ഞ സന്തോഷം. എല്ലാം ആകെ ഐശ്വര്യമയമായി. അപ്പോൾ പിന്നെ ആ സന്തോഷവും ചടങ്ങാക്കി ശ്രീപോതി ഒരുക്കൽ (ഭഗവതി അഥവാ ലക്ഷ്മിയെ അഥവാ ഐശ്വര്യത്തെ വരവേൽക്കാൻ) എന്ന ചടങ്ങും ആയി. പിന്നെ വീട്ടിന്റെ മുൻപിൽ നിലവിളക്കും ദശപുഷ്പങ്ങളും അഷ്ട മാങ്കല്യവും ഒക്കെ വെച്ചു അലങ്കാരമായി.
കാലാവസ്ഥ പെട്ടന്ന് മാറിയ സമയം മിതമായ ഭക്ഷണങ്ങൾ കഴിച്ചാൽ ആരോഗ്യത്തിനു നല്ലതു, മഴ ആയതു കൊണ്ടു വിയർപ്പു കുറവാണ് ആയതിനാൽ സേവിക്കുന്ന പല പച്ച മരുന്നുകളുടെ നഷ്ടം ശരീരത്തിൽ നിന്നും കുറയുന്നു. ശരീരത്തിൽ നന്നായി പിടിക്കാനുള്ള സാധ്യതയും കൂടുന്നു . അപ്പോൾ മിത ഭക്ഷണവും ആയുർവേദ ചികിത്സയും വേണ്ടവർക്ക് അതു നില നിർത്താൻ യോഗ്യമായതു തന്നെ. മേൽപ്പറഞ്ഞ പല കാരണങ്ങളാൽ തന്നെ മിത ഭക്ഷണവും ആയുർവേദ ചികിത്സയും ഒഴിച്ചു മറ്റുള്ള ആചാരങ്ങളിൽ വല്യ പ്രായോഗിക യുക്തി ഒന്നും ഇക്കാലത്തു കാണേണ്ടതില്ല
Post Your Comments