Latest NewsKeralaNews

കേസ് തിരിയുന്നു : മലയാള സിനിമയിലേയ്ക്ക് ഹവാല പണം : അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ : ഏഴ് പ്രമുഖ നടന്‍മാര്‍ കുടുങ്ങും

 

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യുവ നടിയെ ആക്രമിച്ച കേസ് വഴി തിരിയുന്നു. മലയാള സിനിമയിലേയ്ക്ക് വന്‍തോതില്‍ കോടികളുടെ ഹവാല പണം എത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഹവാല പണമൊഴുകിയെന്ന സംശയത്തെത്തുടര്‍ന്ന് ‘ട്വന്റി-20’ സിനിമയുടെ നിര്‍മാണം മുതലുള്ള ദിലീപിന്റെ പണമിടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇത് ഉന്നതരിലേക്കും സിനിമാ സംഘടനകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം.

താരസംഘടനയടക്കം മൂന്നാലുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡില്‍ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകര്‍പ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവര്‍.
ദുബായിയിലും മറ്റും നടന്ന കലായാത്രകളുടെ സമയത്താണ് അനധികൃത ഇടപാടുകളുടെ തുടക്കം. ഇത്തരത്തില്‍ ലഭിച്ച പണം ആദ്യം സംഘടനയ്ക്കുവേണ്ടി സിനിമ നിര്‍മിക്കാനുപയോഗിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ സിനിമകളുണ്ടാകുമെന്ന് പറഞ്ഞിരുന്നതെങ്കിലും ഒന്നും നടക്കാതിരുന്നതും അന്വേഷണവിഷയമാണ്.

ആദായനികുതി വകുപ്പ് പരിശോധനയെത്തുടര്‍ന്ന് താരസംഘടന പിഴയടയ്‌ക്കേണ്ടിവന്നതാണ് സംശയത്തിന് ബലം കൂട്ടുന്നത്. ക്രമക്കേടുകള്‍ മറയ്ക്കാനാണ് പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരുന്നതെന്നാണ് ഏജന്‍സികളുടെ അനുമാനം. സംഘടനയുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിക്കും.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. ബന്ധുക്കളും സ്വന്തക്കാര്‍ക്കും പുറമേ തികച്ചും അന്യരെന്ന് തോന്നിക്കുന്നവരെപ്പോലും ബിനാമികളാക്കിയാണ് പലരും കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

നടിമാരടക്കം കൂടെ അഭിനയിക്കുന്ന ആളുകളുടെ പേരിലും ഇത്തരം ഇടപാടുകള്‍ നടന്നതായാണ് സംശയം. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിക്കുന്നത് കോളിളക്കമുണ്ടാക്കുമെന്ന ഭീതിയിലാണ് പലരും. അതുകൊണ്ടാണ് നടിക്കെതിരെയുള്ള ആക്രമണത്തിനുപിന്നില്‍ കുടുംബം തകര്‍ത്ത വൈരാഗ്യമാണെന്ന മൊഴി വന്നതെന്നും അന്വേഷകര്‍ കരുതുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button