കൊച്ചി : ദിലീപിന്റെ അറസ്റ്റോടെ കൂടുതല്‍ കാര്യങ്ങള്‍ മറ നീക്കി പുറത്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എമാരിലേയ്ക്കും സംശയത്തിന്റെ മുളമുന നീളുന്നു. നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍ നടക്കുക. രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ സംസ്ഥാനത്തെ രണ്ട് എംഎല്‍എമാരെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ആവശ്യം വന്നാല്‍ ഇവരെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും, നടിയെ ഉപദ്രവിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയ വിവരം എംഎല്‍എമാര്‍ അറിഞ്ഞതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് നീക്കം. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചാല്‍ മാത്രമേ ജനപ്രതിനിധികളെ ചോദ്യം ചെയ്യൂ. മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) മുന്‍ അഭിഭാഷകനോട് അന്വേഷണത്തോടു സഹകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അഡ്വ. പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴാണു നിര്‍ദേശം. ചോദ്യംചെയ്യലിനു ഹാജരാവാന്‍ പ്രതീഷ് ചാക്കോയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചതായി സുനി മൊഴി നല്‍കിയിരുന്നു.
കുറ്റകൃത്യത്തിനു ശേഷം ഒളിവില്‍ പോയ സുനി ഫെബ്രുവരി 23നാണ് അഭിഭാഷകന്റെ ഓഫിസിലെത്തി മൊബൈല്‍ നല്‍കിതെന്നാണു സൂചന. എന്നാല്‍ വക്കീല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ അഭിഭാഷകന്‍ ഇക്കാര്യം നിഷേധിച്ചു. കോടതി അനുവദിച്ച ദിലീപിന്റെ പൊലീസ് കസ്റ്റഡി നാളെ രാവിലെ 11ന് അവസാനിക്കും. എറണാകുളത്തും തൊടുപുഴയിലുമായിരുന്നു ഇന്നലെ തെളിവെടുപ്പ്.
ഇന്ന് തൃശൂരില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. അങ്കമാലി കോടതി വളപ്പിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലും ജനങ്ങള്‍ കൂക്കുവിളികളോടെയാണു ദിലീപിനെ സ്വീകരിച്ചത്.
ദിലീപിന്റെ ഭൂമി ഇടപാടുകള്‍ പരിശോധനയില്‍
നടന്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറാന്‍ റജിസ്‌ട്രേഷന്‍ വകുപ്പിനു നിര്‍ദേശം. എറണാകുളം,തൃശൂര്‍,കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളില്‍ ദിലീപ് വന്‍തോതില്‍ ഭൂമി ഇടപാടു നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു നീക്കം. സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നുള്ള രേഖകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങി. എറണാകുളം ജില്ലയില്‍ മാത്രം 35 ഭൂമി ഇടപാടുകള്‍ നടത്തിയെന്നാണു സൂചന.
Post Your Comments