KeralaLatest NewsNews

ദിലീപിന്റെ വഴിയെ മറ്റൊരു പ്രമുഖ നടനും കുടുങ്ങും

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു നടനും കുടുങ്ങുമെന്ന് സൂചന. നടനും എം.എല്‍.എയുമായ മുകേഷിലേയ്ക്ക് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തിീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന് കൈമാറിയത് മുകേഷ് തന്നെയാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് മുകേഷിലേയ്ക്കും അന്വേഷണം നീളുന്നത്. . സുനിയുമായി ദ്വീര്‍ഘകാല ബന്ധം ഉണ്ടായിരുന്നു മുകേഷിനെന്നാണ് വ്യക്തമാകുന്നത്. വെറും ഡ്രൈവര്‍ മാത്രമായിരുന്നു എന്നാണ് എംഎല്‍എ വ്യക്തമാക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമാണെന്ന കാര്യമാണ് വ്യക്തമാകുന്നത്. 2012നു മുന്‍പു പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുപ്പമുണ്ടായിരുന്നില്ലെന്നാണ് സൂചന . സുഹൃത്തായ മറ്റൊരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണു സുനില്‍ ദിലീപിനെ പരിചയപ്പെടുന്നത്. വിശ്വസ്തനാണെന്നു തോന്നിയതോടെ 2013 മാര്‍ച്ചില്‍ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഏല്‍പിക്കുകയും ചെയ്തു.

കുറ്റകൃത്യം നടപ്പാക്കാന്‍ വേണ്ടി ദിലീപിനു സുനിയെ പരിചയപ്പെടുത്തിയതാരാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. താനല്ലെന്ന് മുകേഷ് ആണയിടുമ്പോഴും എംഎല്‍എയെ പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനു മുന്‍പും ഇത്തരം ക്വട്ടേഷനുകള്‍ ചെയ്തു പരിചയമുള്ള കുറ്റവാളിയാണു സുനിലെന്ന ഉറപ്പും ബോധ്യവുമുള്ള ആരെങ്കിലുമാവും പരിചയപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. കുറ്റകൃത്യം നടന്ന ഫെബ്രുവരി 17നു രാത്രി നിര്‍മ്മാതാവ് ആന്റോ ജോസഫ് അടക്കം പലരും ദിലീപിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. എന്നാല്‍ ഒരു മുതിര്‍ന്ന നടന്റെ വിളികള്‍ മാത്രം അതേ രാത്രി നാലുതവണ ദിലീപ് എടുത്തു സംസാരിച്ചിട്ടുണ്ട്. കേസില്‍ ദിലീപിനെ കുരുക്കിയതും ഈ ഫോണ്‍വിളിയായിരുന്നു.

നടിക്കെതിരായ അതിക്രമത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നയാളാണ് ഈ നടനെന്നു പൊലീസ് സംശയിക്കുന്നു. താരസംഘടനയായ അമ്മയുടെ വിവാദയോഗം നടന്ന വേദിയിലും ദിലീപിനു പിന്തുണയുമായി ഈ നടന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സംഭവത്തിനു മുന്‍പും ശേഷവും ഇവര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യക്തമായ തെളിവുകള്‍ സഹിതം ഈ നടനെ പൊലീസ് ചോദ്യംചെയ്യും.

ദിലീപിന്റെ ക്വട്ടേഷന്‍ ഒന്നരക്കോടി രൂപയ്ക്ക് ഏറ്റെടുത്തശേഷം 2014 മേയില്‍ കോട്ടയത്തിനു സമീപം കെഎസ്ആര്‍ടിസി യാത്രക്കാരന്റെ കണ്ണില്‍ കുരുമുളകു സ്‌പ്രേ അടിച്ചു സുനില്‍ നാലു ലക്ഷം രൂപ കവര്‍ന്നിരുന്നു. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഘട്ടത്തിലും ദിലീപിന്റെ സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്നു. സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞുതന്നെയാണു ദിലീപ് അടക്കമുള്ള പലരും ഇയാളെ കൂടെ നിര്‍ത്തിയതെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷനും സുനില്‍ ഏറ്റെടുത്തതായുള്ള വിവരവും ലഭിച്ചു.

ദിലീപിനു സുനിലുമായുള്ള വ്യക്തിബന്ധം അറിയാവുന്ന ഒരു നടി ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാല്‍ ഇതേ അറിവുണ്ടായിരുന്ന ചില നടന്മാര്‍ ഈ ബന്ധം മറച്ചുവയ്ക്കാനാണുശ്രമിച്ചത്   . സുനില്‍ അറസ്റ്റിലായ ഉടനെ അന്വേഷണം നേരായ ദിശയില്‍ നീങ്ങിയാല്‍ ദിലീപ് പിടിക്കപ്പെടുമെന്നു സിനിമാ രംഗത്തെ പലര്‍ക്കും അറിയാമായിരുന്നെങ്കിലും ഇവരാരും അന്വേഷണത്തോടു വേണ്ടവിധം സഹകരിച്ചില്ല.

നേരത്തെ പള്‍സര്‍ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പള്‍സര്‍ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ മാത്രം വരുന്ന ഡ്രൈവര്‍ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്. എന്നാല്‍ മുകേഷിന്റെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പള്‍സര്‍ എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കുടുംബ ഫോട്ടോയിലും സ്ഥാനമുണ്ട്. ഇതിനൊപ്പമാണ് അനൂപ് മേനോനൊപ്പമുള്ള ചിത്രവും പുറത്തുവരുന്നത്.

വിവാദങ്ങള്‍ മുറുകുന്നതിനിടെ മുകേഷ് എംഎല്‍എയ്ക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനാണ്  സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് ഇന്നലെ മുതല്‍ മുകേഷ് ഔദ്യോഗിക പരിപാടികള്‍ക്കു പോകുമ്പോള്‍ പൊലീസ് അകമ്പടി പോയിത്തുടങ്ങി. മുകേഷിന്റെ വീടും ഓഫിസും കേന്ദ്രീകരിച്ചു പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പൊലീസ് സംരക്ഷണം ഇന്നലെ മുകേഷും സ്ഥിരീകരിച്ചു. മുകേഷിന്റെ വീടിനും ഓഫിസിനും നേരെ ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button