ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
- നടന്‍ ദിലീപ് പോലീസ് കസ്റ്റഡിയില്‍
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്‍റെ അപേക്ഷയെ തുടര്‍ന്ന്‍ തെളിവെടുപ്പിനു വേണ്ടിയാണ് നടനെ രണ്ടു ദിവസത്തെ കസ്റ്റടിയില്‍ വിട്ടത്. ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും ആയതിനാല്‍ നടനെതിരെയുള്ള, 19 തെളിവുകളെയും തള്ളണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2. സര്‍ക്കാരിനെ ധിക്കരിച്ച് കോഴിവ്യാപാരികള്‍
കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോള്‍ കോഴിവ്യാപാരികള്‍ കച്ചവടം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. അതേസമയം വ്യാപാരിവ്യവസായി സമിതിക്കു കീഴിലുള്ള കോഴിക്കടകളിൽ 120 രൂപയ്ക്ക് കോഴിവിൽക്കുന്നുണ്ടെങ്കിലും, അല്ലാത്തിടത്ത് 157 രൂപ വരെയാണ്. സര്‍ക്കാര്‍ പറഞ്ഞ വിലയായ 87 രൂപയ്ക്ക് വിറ്റാല്‍ വന്‍നഷ്ടമാകുമെന്നാണ് കോഴിവ്യാപാരികള്‍ പറയുന്നത്.
3. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി
കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇക്കുറി, അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളുടെ വരവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാരിപ്പോള്‍ ഈ ഉദ്ദ്യമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 63 ലക്ഷം കുടുംബങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി, ഒരു ലക്ഷത്തില്‍ പരം ഗ്രോ ബാഗുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍ എന്നിവ ഇന്നുമുതല്‍ വിതരണം ചെയ്ത് തുടങ്ങും. വ്യത്യസ്തമായ ഈ മുന്നേറ്റത്തിലൂടെ പുതിയ ഒരു വിപ്ലവം സൃഷ്റിച്ച് പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ഉന്നം വെയ്ക്കുന്നത്.
4. അവിവാഹിതരായ പുരുഷനും സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം.
ബാലനീതി വകുപ്പിന്‍റെ ഈ പുതിയ തീരുമാനം, സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ കഴിയൂ. ഇതുവരെ, 16000 പേരാണ് ഇതിനുവേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ കുറച്ചധികം ഉള്ളതുകൊണ്ടുതന്നെ അപേക്ഷനല്‍കി കുഞ്ഞിനായി, പതിനഞ്ചു മാസം കാത്തിരിക്കേണ്ടി വരും. എന്നാല്‍, ദത്തെടുക്കാനുള്ള അവകാശം അവിവാഹിതര്‍ക്ക് നല്‍കിയതിന്‍റെ പേരില്‍ പലയിടത്തും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
5. കാർബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് കര്‍ശന മാനദണ്ഡങ്ങളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഇറക്കിയ പുതിയ തീരുമാന പ്രകാരം, പാനീയങ്ങളില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഇനി ഔഷധ സസ്യങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പാനീയങ്ങളില്‍ ഇതിനായി മുന്‍കൂര്‍ അനുമതി ലഭ്യമാക്കണം. ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ പാനീയങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നുണ്ടാക്കിയ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായിരിക്കും.
6. ഇരുപതുവര്‍ഷമായി ഇരുട്ടറയ്ക്കുള്ളില്‍
കല്ല്യാണം കഴിച്ച ഭര്‍ത്താവ് നേരത്തെ തന്നെ വിവാഹിതാനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തൊട്ടാണ് പനജി സ്വദേശിയായ സ്ത്രീ മാനസിക പിരിമുറുക്കം കാണിച്ചു തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ കാരണം പറഞ്ഞ് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഇവര്‍ ഇരുട്ടറയ്ക്കുള്ളിലാണ്. മറ്റൊരു സ്ത്രീ കൊടുത്ത രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസെത്തി ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതികളിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ അന്വേഷണം.
2. പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനെ ഇന്ന്‍, പോലീസ് ചോദ്യം ചെയ്യും. കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍, മുന്‍പ് മുകേഷിന്‍റെ ഡ്രൈവറായിരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്.
3. സിപിഎം നേതാവിന്റെ മകനെ പുറത്താക്കിയതിന് പ്രതികാരമായി ബത്തേരി ഡോണ്‍ബോസ്കൊ കോളേജ്, എസ് എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഇരുപതോളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകരെ തടയാന്‍ ആരും തയാറായില്ല.
4. പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്ലാത്ത, അമ്മയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം വെള്ളിയാഴ്ച്ച ചേരും. പുനസംഘടനയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
5. തൃശൂര്‍ പഴയന്നൂര്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്, ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പ്രസവശേഷം ശാരീരിക ബുദ്ധിമു ട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
6. പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെയും ദിലീപിന്‍റെ ഡ്രൈവര്‍ അപ്പുണ്ണിയേയും വീണ്ടും ചോദ്യം ചെയ്യും.
7. കൊച്ചിയില്‍ സ്ഥാപിച്ച പുതിയ ഡോപ്ലര്‍ വെതര്‍ റഡാര്‍ ഇന്ന്‍, കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഇത്തരത്തിലുള്ള ഏക റഡാറാണ് തോപ്പുംപടിയിലേത്.
8. ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു.
9. ജിയോയുടെ പുതിയ താരിഫ് പുറത്തുവന്നതോടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. 2008 ജനവരി 17ന് ശേഷം ഓഹരി വില ഇത്രയും കുതിക്കുന്നത് ആദ്യമായാണ്
10. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വിജയികളായവര്‍ക്ക് അഞ്ചു ലക്ഷം തൊട്ട് പത്തുലക്ഷം രൂപ വരെ പാരിതോഷികം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
11.അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അതിര്‍ത്തിയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷാ പ്രവര്‍ത്തകര്‍ വേണ്ടിവരുമെന്നും താക്കറെ പറഞ്ഞു.
Post Your Comments