ജിതിൻ ജേക്കബ്
ദിലീപ് കുറ്റക്കാരനാണെകിൽ ശിക്ഷിക്കപ്പെടണം. കൃത്യമായ തെളിവുകൾ ഇല്ലാതെ ദിലീപിനെ പോലുള്ള ഒരു നടനെ അറസ്റ്റ് ചെയ്യാൻ മാത്രം മണ്ടന്മാരല്ല കേരള പോലീസ്. പക്ഷെ ഈ തെളിവുകൾ കോടതിക്കുകൂടി ബോധ്യപ്പെടണം എന്ന് മാത്രം.ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിക്കുന്നത് ഞാൻ ഉൾപ്പെടെയുള്ള മലയാളികളുടെ കാപട്യത്തെക്കുറിച്ചു മാത്രമാണ്.ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ മലയാളിക്ക് എന്താ ഒരു ആശ്വാസം അല്ലേ? ദിലീപിനെ തൂക്കിക്കൊല്ലണം എന്ന് വരെ ഇന്ന് മലയാളി വാദിക്കും.
പോലീസ് കോടതിയിൽ കൊടുക്കുന്ന തെളിവുകൾ കോടതിക്കുകൂടി ബോധ്യപ്പെട്ടാൽ ഈ കേസിൽ ദിലീപ് ശിക്ഷിക്കപെടുകയുള്ളൂ. ദിലീപിനെതിരെയുള്ള പോലീസ് ചാർജ് ചെയ്തിട്ടുള്ള ഗൂഢാലോചന കുറ്റം കോടതിയിൽ തെളിയുക എന്നത് നിസ്സാരമല്ല എന്നാണ് മനസിലാക്കുന്നത്.
ദിലീപ് കുറ്റവാളിയാണെന്ന് പൊതുസമൂഹവും മാധ്യമങ്ങളും അംഗീകരിച്ചു കഴിഞ്ഞു. ദിലീപ് അഹങ്കാരിയാണ്, കള്ളം പറയുന്നവനാണ്, ക്രിമിനൽ മൈൻഡ് ന്റെ ഉടമയാണ് എന്നൊക്കെയുള്ള വിശേഷണങ്ങൾ ചാർത്തികൊടുത്തുകഴിഞ്ഞു നമ്മുടെ സമൂഹം.
ദിലീപിന്റെ സ്ഥാപങ്ങളൊക്കെ അടിച്ചു തകർത്തു മലയാളി മലയാളിയുടെ “പ്രബുദ്ധത” കാത്തുസൂക്ഷിച്ചു. ദിലീപിനെ കോടതി ശിക്ഷിക്കുമോ ഇല്ലയോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എന്ന് തന്നെ കരുതി നമ്മുക്ക് അധിക്ഷേപങ്ങളും ദിലീപിന് നേരെ തുടരാം. പക്ഷെ ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ചോദ്യം, കോടതിയിൽ ഈ കേസ് നിലനിൽക്കാതെ വരികയും ദിലീപിനെ വെറുതെ വിടുകയും ചെയ്‌താൽ അപ്പോഴത്തെ മലയാളിയുടെയും നമ്മുടെ മാധ്യമങ്ങളുടെയും പ്രതികരണം ഏതുവിധത്തിലായിരിക്കും?
ഇന്ന് അധിക്ഷേപം ചൊരിയുന്ന അതെ മലയാളിയും, മാധ്യമങ്ങളും വീണ്ടും ദിലീപിനെ കാണാൻ ക്യൂ നിൽക്കും.
ഇന്ന് കൂവി വിളിച്ചവർ നാളെ പണ്ടത്തേതുപോലെ വീണ്ടും ആർപ്പുവിളിക്കും. മാധ്യമങ്ങൾ ദിലീപിന്റെ ഇപ്പോഴത്തെ “പീഡനകാലത്തെ” കാര്യങ്ങൾ നീണ്ട കഥകളായി കൊടുക്കും. കേസിൽ നിന്ന് കുറ്റവിമുക്തനായി പുറത്തുവന്നിട്ടു ദിലീപ് ഒരു ബുക്ക് എഴുതിയാൽ അത് മലയാളത്തിലെ ബെസ്ററ് സെല്ലെർ ആയി മാറും.
51 വെട്ടുവെട്ടി ഒരാളെ കൊന്ന കൊലയാളിക്ക് ഓഡി കാറിൽ കല്യാണ മണ്ഡപത്തിലേക്കു സ്വീകരിച്ചാനയിച്ചവരാണ് മലയാളികൾ.
ഇനി ദിലീപിനെ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിശിക്ഷിച്ചു എന്നിരിക്കട്ടെ.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിലീപിനെ വീണ്ടും മലയാളി അംഗീകരിക്കും. ചെയ്ത തെറ്റിന് ദിലീപ് ശിക്ഷ അനുഭവിച്ചു എന്ന രീതിയിൽ മലയാളി അപ്പോൾ ന്യായീകരിക്കും.കാപട്ട്യം നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത് എന്ന് പറയാതെ വയ്യ. ഇന്ന് ദിലീപിനെ തെറി വിളിക്കുന്നവർ കുറച്ചുകാലം കഴിയുമ്പോൾ ദിലീപിനുവേണ്ടി ആർപ്പുവിളിക്കുക തന്നെ ചെയ്യും, അതിപ്പോൾ കോടതി കുറ്റവിമുക്തനാക്കിയാലും കുറ്റവാളിയാണെന്ന് കണ്ടെത്തിയാലും.
Post Your Comments