Latest NewsKerala

സമഗ്ര ശുചിത്വ പദ്ധതിക്ക് ഹരിതകേരളം മിഷന്‍ രൂപം നല്‍കി.

തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഹരിതകേരള മിഷന്‍ യോഗം രൂപം നല്‍കി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. സമഗ്രവും ശാസ്ത്രീയവുമായ പദ്ധതിയാണ് മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടി നടപ്പാക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്രാഥമിക ഉത്തരവാദിത്തമായി ശുചീകരണം കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൈവ മാലിന്യ സംസ്കരണത്തിനുള്ള വിജയകരമായ മാതൃക ലോകത്തിന്‍റെ ഏതുഭാഗത്തുണ്ടെങ്കിലും ആ സാങ്കേതികവിദ്യ കേരളത്തില്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ച ശുചീകരണത്തിന്‍റെ ഭാഗമായി കേരളത്തിലാകെ സേവന വാരമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളെയും സന്നദ്ധസംഘടനകളെയും സാമൂഹ്യ സംഘടനകളെയുമെല്ലാം ഇതില്‍ പങ്കാളികളാക്കും. ആദ്യഘട്ട ശുചിത്വ പദ്ധതിയുടെ തുടക്കമായി കേരളത്തിലെ മുഴുവന്‍ വീടുകളെയും ഉള്‍ക്കൊള്ളുന്ന മാലിന്യ സര്‍വെ നടത്തുന്നതിന് ജൂലായ് 30ന് മുമ്പ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

ആഗസ്ത് 6 മുതല്‍ 13 വരെയായിരിക്കും സര്‍വെ. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ നടക്കുന്ന ഗുണഭോക്തൃ ഗ്രാമസഭ ശുചിത്വ പദ്ധതി ചര്‍ച്ച ചെയ്യും. ആഗസ്ത് 15ന് ദേശീയ പതാക ഉയര്‍ത്തല്‍ കഴിഞ്ഞാല്‍ ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനം. അന്ന് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും വീടുകള്‍ കയറി ശുചിത്വം സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യും.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button