Latest NewsNewsDevotional

നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട് : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ

സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേർത്ത് മറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബി നിലവറയുടെ പ്രത്യേകതകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്. എ നിലവറയിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയിൽ കാണുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് നിലവറ പരിശോധനയ്ക്ക് സുപ്രീംകോടതി നിലപാട് എടുക്കുന്നത്. എന്നാൽ ഈ നിലവറയുടെ പൂട്ട് സുപ്രീംകോടതിയുടെ ഉത്തരവിനും തുറക്കാനാവത്തതാണ്.

നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതിൽ പുലർത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിർമ്മാണം. അതിൽ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആർക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാൽ അകത്ത് കയറാം. എന്നാൽ ഈ പൂട്ട് തുറക്കാൻ ഇന്ന് ആർക്കും അറിയില്ലെന്നാണ് രാജകുടുംബത്തിൽ നിന്ന് ലഭിക്കുന്ന സൂചന.

പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്.

സ്‌ഫോടനം നടത്തുകയെന്നത് പ്രായോഗികമല്ല. അത് ക്ഷേത്രത്തെ എത്തരത്തിൽ ബാധിക്കുമെന്ന് ആർക്കും അറിയില്ല. ശ്രീകോവിലിനോട് ചേർന്നാണ് ഈ നിലവറയുമുള്ളത്. ഇത് വലിയ പ്രശ്‌നങ്ങൾക്കും ഇടനൽകും. സ്‌ഫോടനത്തിൽ വൻ ഭാരമുള്ള ഉരുക്ക് വാതിൽ തകർന്ന് വീഴുന്നതും പ്രശ്‌നങ്ങളുണ്ടാക്കാൻ പോന്നതാണ്. ഈ സാഹചര്യത്തിൽ ഉരുക്ക് വാതിൽ മുറിച്ചെടുക്കാനുള്ള കട്ടർ കൊണ്ടു വരികെയാണ് ഏക പോംഴി. ഇത് കേരളത്തിൽ ഇപ്പോൾ എവിടേയും ഇല്ല. പ്രത്യേക ഇടപെടലിലൂടെ ഡൽഹിയിൽ നിന്ന് ഇതുകൊണ്ടു വന്ന് ക്ഷേത്രത്തിനുള്ളിലെ വാതിൽ പൊളിക്കുക പ്രായോഗികമാണോ എന്ന സംശയവും സജീവമാണ്.

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്.

ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ

തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് പറയപ്പെടുന്നു. ഈ രേഖകള്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ സമര്‍പ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങള്‍ ഒരുങ്ങുന്നത്. മുമ്പ് ഒരു തവണ നിലവറ തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളില്‍ കാണുന്നത്.

ബി നിലവറയുടെ പ്രധാന വാതില്‍ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളില്‍ കാണുന്നത്. ഈ വാതിലിലൂടെ കടല്‍ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകള്‍ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ ഉടന്‍ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും.കടല്‍ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തില്‍ മുങ്ങുമെന്നാണ് രേഖകളില്‍ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോള്‍ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. രാജഭരണ കാലത്ത് സ്വര്‍ണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു.

ഈ നിലവറയുടെ വാതില്‍ നേരിട്ടു തുറന്നാല്‍ അപകടമുണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. മറ്റു നിലവറകളില്‍ നിന്നു ബി നിലവറയില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തില്‍ നിന്നു ബി നിലവറയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്. തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാല്‍ സ്വത്ത് വഹകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

നിലവറയുടെ താക്കോല്‍ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വര്‍ണം കവരാന്‍ ശ്രമിച്ചാല്‍ സൈന്യം അടക്കം കടലില്‍ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാല്‍ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂര്‍ രാജ വംശം ഇപ്പോള്‍ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നില്‍ക്കുന്നതും. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു തുരങ്കം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ അവര്‍ക്കായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button