പൊന്നാനി : പോലീസ് സ്റ്റേഷനിൽ മാംഗല്യത്തിനുള്ള അപൂർവ യോഗം. ഒളിച്ചോടിയ യുവാവിനും യുവതിക്കുമാണ് പോലീസ് സ്റ്റേഷനിൽ വരണമാല്യം ചാർത്താനുള്ള ഭാഗ്യം ലഭിച്ചത്. പക്ഷേ സംഭവത്തിനു ട്വിസ്റ്റ് സംഭവിച്ചത് ആദ്യരാത്രിയിൽ തന്നെ വരൻ റിമാൻഡിലായതോടെയാണ്. നാടകീയ രംഗങ്ങൾക്ക് വേദിയായി മാറിയത് പൊന്നാനി പോലീസ് സ്റ്റേഷനാണ്.
തവനൂർ അതളൂർ സ്വദേശിയായ യുവാവും പൊന്നാനി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലാണ് നടന്നത്. ഇവരുടെ വിവാഹത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ഒരുമിച്ച് ജീവിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ തുടർന്ന് ഇരുവരും ഒളിച്ചോടി. വയനാട്ടിൽ ഇവർ മുറിയെടുത്തു. പിന്നീട് അവർ അവിടെ താമസമായി. ഇവരെ കാണാനെത്തിയ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയുന്ന അവസരത്തിൽ വരനും സംഘവും പോലീസ് പിടിയിലായി. പക്ഷേ യുവാവ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. സുഹൃത്തുക്കളിൽ ഒരാളെ വൈത്തിരി പോലീസ് പിടികൂടി.
യുവതിയുടെ വീട്ടുകാർ യുവതിയെ കാണാനില്ലെന്ന പരാതി പൊന്നാനി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വയനാട്ടിൽനിന്നു രണ്ടുപേരെയും പൊന്നാനി പോലീസ് പിടികൂടി.ഇരുവരെയും പോലീസ് പൊന്നാനി കോടതിയിലെത്തിച്ചു. കാമുകനൊപ്പം പോകണമെന്നു യുവതി കോടതിയെ അറിയിച്ചു. വിവരമറിഞ്ഞ് കാമുകനെ അറസ്റ്റ് ചെയ്യാൻ വൈത്തിരി പോലീസ് എത്തി. പിന്നീട് പൊന്നാനി സിഐയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽവച്ച് ഇരുവരുടെയും മാംഗല്യം നടത്തി. അതിനുശേഷം വരനെ വൈത്തിരി പോലീസിനും യുവതിയെ ബന്ധുക്കൾക്കും കൈമാറി. ആദ്യരാത്രയിൽ വരൻ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെന്ന കേസിൽ സബ്ജയിലിൽ റിമാൻഡിലായി.
Post Your Comments