Latest NewsCinemaNewsIndiaMovie SongsEntertainmentKollywood

നടന്‍ ഉദയ് കിരണിന്‍റെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയോ? ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരി ശ്രീദേവി രംഗത്ത്

തെലുങ്ക് നടന്‍ ഉദയ് കിരണിന്‍റെ മരണത്തെക്കുറിച്ച്‌ ഉയര്‍ന്നു വന്ന ആരോപങ്ങളെ നിഷേധിച്ച് സഹോദരി ശ്രീദേവി രംഗത്ത്. 2000 ല്‍ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉദയ് 2014ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉദയുടെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയാണെന്നായിരുന്നു അന്നത്തെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ് സഹോദരി ശ്രീദേവി. സഹോദരന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി മാധ്യമങ്ങളോട് ഇതെക്കുറിച്ച്‌ തുറന്ന് സംസാരിക്കുന്നത്. 2014 ജനുവരി അഞ്ചിനാണ് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദിലെ വീട്ടില്‍ വച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു.

തുടക്കകാലത്ത്‌ തന്നെ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത ഉദയ് കിരണിനു ‘നുവ്വു നേനു’ എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. കമല്‍ ഹാസന് ശേഷം ചെറിയ പ്രായത്തില്‍ ഫിലിം ഫെയര്‍ പുരസ്കാരം നേടുന്ന താരമെന്ന ഖ്യാതിയും കിരണിനെ തേടിയെത്തി. 2003 ല്‍ തെലുങ്കിലെ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി കിരണിന്റെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ആ വിവാഹം മുടങ്ങി. ഈ വിവാഹ വിഷയത്തോട് അനുബന്ധിച്ചാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തില്‍ തെലുങ്ക് സിനിമയില്‍ കിരണിന് പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാതെയായി. ഇതിന് ഉത്തരവാദി ചിരഞ്ജീവിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. കിരണിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ ചിരഞ്ജീവിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കിരണിന്റെ മരണത്തിന് ഉത്തരവാദി ചിരഞ്ജീവി അല്ലെന്ന് പറയുകയാണ് ശ്രീദേവി.

വിവാഹം വേണ്ടെന്ന് വച്ചത് കിരണും സുസ്മിതയും തമ്മിലുള്ള അഭിപ്രായ വത്യാസങ്ങള്‍ കാരണമാണ്. ചിരഞ്ജീവി അല്ലായിരുന്നു അതിന് കാരണമെന്നും ശ്രീദേവി പറയുന്നു. ‘ഉദയ് നേരത്തേ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം പിരിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്നുപോയി. ആ വിഷമത്തില്‍ നിന്ന് അവനെ കൈപിടിച്ചു കൊണ്ട് വന്നത് ചിരഞ്ജീവിയായിരുന്നു. അദ്ദേഹം അവന്റെ ഗോഡ് ഫാദറായിരുന്നു. സുസ്മിതയുമായുള്ള ബന്ധത്തിന് മുന്‍കൈയ്യെടുത്തതും ചിരഞ്ജീവിയായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും കിരണിനെ ഉപദ്രവിക്കില്ല’- ശ്രീദേവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button