ന്യൂഡല്‍ഹി: അഴിമതി അവസാനിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ വരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ രൂപവത്കരിക്കുന്നതിനായുള്ള ബില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. മന്ത്രിതല സമിതി ഭേദഗതികളോടെ ബില്ലിന് അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി ആരോഗ്യമന്ത്രാലയം ബില്ല് സമര്‍പ്പിച്ചിരിക്കുകയാണ്. വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെടുക്കുക.
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വയം ഭരണാധികാരമുള്ള നാല് ബോര്‍ഡുകള്‍ ഉണ്ടാകും. ഈ ബോര്‍ഡുകള്‍ക്ക് മെഡിക്കല്‍ ബിരുദം, ബിരുദാനന്തര കോഴ്‌സുകളുടെ നടത്തിപ്പ്, മെഡിക്കല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി റേറ്റ് ചെയ്യല്‍, ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ സദാചാരചട്ടങ്ങള്‍ നടപ്പാക്കല്‍ എന്നീ ചുമതലകളാണ് നല്‍കുക.
ഈ ബില്ലിലെ സുപ്രധാന ശുപാര്‍ശ പഠനം പൂര്‍ത്തിയായവരുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കാനുള്ള പ്രത്യേക പരീക്ഷയാണ്. പ്രവേശനം നേടുന്നതിനുള്ള പരീക്ഷയ്ക്ക് സമാനമായി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷമാണ് എക്‌സിറ്റ് പരീക്ഷ നടത്തുക. ഈ പരീക്ഷയില്‍ പാസാകുന്നവര്‍ക്ക് മാത്രമേ ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കൂ.
എക്‌സിറ്റ് പരീക്ഷയ്ക്ക് നല്‍കിയിരിക്കുന്ന പേര് നാഷണല്‍ ലൈസന്‍ഷ്യേറ്റ് എക്‌സാമിനേഷന്‍ എന്നാണ്. മെഡിക്കല്‍ പി.ജി. കോഴ്‌സുകള്‍ക്കുള്ള ദേശീയ പ്രവേശനപരീക്ഷയായി എക്‌സിറ്റ് പരീക്ഷയെ പരിഗണിക്കും. നിലവില്‍ എം.ബി.ബി.എസ്, പി.ജി. പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് നടത്തുന്നത് സി.ബി.എസ്.ഇ.യാണ്.
നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനാഗരിയ അധ്യക്ഷനായ സമിതി കമ്മീഷനംഗങ്ങളെ നിയമിക്കാന്‍ തിരഞ്ഞെടുപ്പുവേണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കമ്മീഷനിലെ ഒന്‍പത് അംഗങ്ങളെ തിരഞ്ഞെടുപ്പ് നടത്തി നിയമിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിതല സമിതി കരട് ഭേദഗതിചെയ്തു. കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ഇരുപത്തൊന്‍പതായി ഉയര്‍ത്തും.
Post Your Comments