മുംബൈ : ഇറച്ചി ഗോമാംസമാണെങ്കില്‍ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള വിദ്യയുമായി മഹാരാഷ്ട്ര പൊലീസ്. പിടിച്ചെടുത്ത ഇറച്ചി ഗോമാംസമാണോ എന്നു കണ്ടെത്താന്‍ മഹാരാഷ്ട്ര പൊലീസിനെ സഹായിക്കാന്‍ പ്രത്യേക പോര്‍ട്ടബിള്‍ കിറ്റ് തയ്യാറായി. ‘കൗ മീറ്റ് ഡിറ്റക്ഷന്‍ എലീസ കിറ്റ്’ ഉപയോഗിച്ച് അര മണിക്കൂറില്‍ ഫലം കണ്ടെത്താം. കിറ്റിലിടുന്ന സാംപിള്‍ ഗോമാംസമാണെങ്കില്‍ മഞ്ഞ നിറമാകും.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറീസ് ഡയറക്ടറേറ്റ്(എഫ്എസ്എല്‍) വികസിപ്പിച്ച കിറ്റ് വൈകാതെ പൊലീസിനു ലഭ്യമാക്കും. ഗോവധ നിരോധനമുള്ള സംസ്ഥാനത്ത് നിലവില്‍ സംശയമുള്ള സാംപിള്‍ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഫലം വരാന്‍ വൈകുന്നതു പൊലീസിനു തലവേദനയാകാറുണ്ട്.
പിടിച്ചെടുത്ത ഇറച്ചി അതുവരെ സൂക്ഷിക്കേണ്ട ബാധ്യത പൊലീസിനാണ്. പരിശോധനയില്‍ ഗോമാംസമല്ലെന്ന് വ്യക്തമായാല്‍ പൊലീസിന്റെ അധ്വാനം പാഴാകും. വ്യാപാരികളെ ഉപദ്രവിച്ചതിന്റെ പഴിയും കേള്‍ക്കേണ്ടി വരും.
പുതിയ കിറ്റ് ഉപയോഗിച്ച് പൊലീസിന് തത്സമയം ഇറച്ചി സാംപിള്‍ പരിശോധിക്കാമെന്ന് എഫ്എസ്എല്‍ ഡയറക്ടര്‍ കെ.വൈ. കുല്‍ക്കര്‍ണി പറഞ്ഞു. കൊണ്ടു നടക്കാവുന്ന കിറ്റിന് 8,000 രൂപയാണു വില.
മഹാരാഷ്ട്രയില്‍ ഗോമാംസം കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments