കൊച്ചി: ഗുരുവായൂർ പ്രസാദമൂട്ടലിനു ഇല മാറ്റി പ്ലേറ്റ് ആക്കിയതിനെതിരെ ഹർജി. തൃശൂർ ചേറായി സ്വദേശി രാജേഷ് എ.നായർ 2017 ജൂലൈ ഒന്നിലെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റിക്കുവേണ്ടി അഭിഭാഷകൻ നോട്ടീസ് എടുത്തു.
മുനിസിപ്പാലിറ്റി പ്രസാദ ഊട്ടിന്റെ ഉച്ഛിഷ്ട നീക്കവും സംസ്കരണവും നിർത്തലാക്കിയ സാഹചര്യത്തിലായിരുന്നു പുതിയ തീരുമാനം.രണ്ടായിരത്തോളം പേരാണ് ക്ഷേത്രത്തിൽ സാധാരണ ദിവസങ്ങളിൽ പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നത്. വിശേഷാൽ ദിവസങ്ങളിൽ 25,000 മുതൽ 50,000 വരെയും പങ്കെടുക്കാറുണ്ട്. വാഴയില സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നും മാലിന്യ കൈകാര്യത്തിനു മുനിസിപ്പാലിറ്റിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും യോജിക്കുന്നതു വാഴയിലയാണ്. മാത്രമല്ല ആചാരാനുഷ്ഠാനങ്ങളിൽ അവസാന വാക്ക് തന്ത്രിയാണെന്നും ഹർജിയിൽ പറയുന്നു. പ്ലേറ്റ് ഉപയോഗിക്കുന്നത് ആരോഗ്യ, ശുചിത്വ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.
Post Your Comments