ബാംഗ്ലൂർ: സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ കർണാടകത്തിൽ നിയമം വരുന്നു. നിരവധി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്ള കർണാടകത്തിൽ തീവെട്ടികൊള്ളയാണ് നടക്കുന്നതെന്നാണ് പരക്കെയുള്ള ആരോപണം. സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഏതാനും ആതുരാലയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും രോഗികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കുന്ന പകല്‍ക്കൊള്ളയാണ് അരങ്ങേറുന്നത്. ബെംഗളൂരു നഗരത്തിൽ തന്നെയുള്ള ചില സ്വകാര്യ ആശുപത്രികള്‍ സകല പരിധികളും ലംഘിച്ച് രോഗികളെ പിഴിയുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്വകാര്യ ആശുപത്രികളുടെ പിടിച്ചുപറി തടയാനായി കര്‍ണ്ണാടക ഗവണ്‍മെന്റ് തയ്യാറാകുന്നത്. ആരോഗ്യമന്ത്രി രമേഷ് കുമാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച കര്‍ണ്ണാടക മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബില്ലില്‍ ജനോപകാരപ്രദമായ സുപ്രധാന വ്യവസ്ഥകളുണ്ട്.
ഗവണ്മെന്റ് നിശ്ചയിക്കുന്ന ചികിത്സാനിരക്കുകളേ ഈടാക്കാവൂ, ചികിത്സയ്ക്ക് മുന്‍കൂട്ടി പണം വാങ്ങാന്‍ പാടില്ല, ഒരു രോഗിയ്ക്ക് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ടെസ്‌റ്റോ ചികിത്സയോ ആവശ്യമാണെങ്കില്‍ അതിന്റെ എസ്റ്റിമേറ്റ് നല്‍കണം, ഫൈനല്‍ ബില്‍ എസ്റ്റിമേറ്റിനെക്കാള്‍ കൂടാന്‍ പാടില്ല തുടങ്ങിയവയാണ് ബില്ലിലെ വ്യവസ്ഥകള്‍. ബെഡ്ചാര്‍ജ്ജ്, പരിശോധന, ഓപ്പറേഷന്‍ ചെലവ്, തീവ്ര പരിചരണം, വെന്റിലേഷന്‍, അവയവം മാറ്റിവക്കല്‍, വിദഗ്‌ദോപദേശം, ടെസ്റ്റുകള്‍ തുടങ്ങിയവയ്ക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൂടുതല്‍ ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താല്‍ ആശുപത്രി മാനേജ്‌മെന്റില്‍ നിന്ന് ഇരുപത്തഞ്ചായിരം മുതല്‍ അഞ്ചു ലക്ഷം വരെ പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
ചികിത്സ രോഗിയുടെ അവകാശമാണെന്ന് സ്ഥാപിക്കുന്ന ബില്ലില്‍ ചികിത്സയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്കും മരുന്നിനുമുള്ള കുറിപ്പുകള്‍ കൃത്യമായും വ്യക്തമായും എഴുതണമെന്ന് ബില്‍ നിഷ്‌കര്‍ഷിക്കുന്നു. അതേസമയം രോഗികളും ബന്ധുക്കളും ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും മാന്യമായി പെരുമാറണമെന്നും ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആശുപത്രികള്‍ക്കെതിരായുള്ള പരാതികള്‍ പരിശോധിക്കാനും പരിഹാരം കാണാനും ജില്ല പഞ്ചായത്ത് അദ്ധ്യക്ഷന്‍ തലവനായുള്ള പരിഹാര സെല്‍ രൂപീകരിക്കും .ഈ സെല്ലിന് സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ബില്ലാണിത്.
Post Your Comments