ദമ്മാം: മാനസിക നില തകരാറിലായതിനെത്തുടർന്ന് സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തമിഴ്നാട് വെൽഫെയർ അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് മധുര ചൊക്കലിംഗം സ്വദേശിനിയായ കുമാർ കലൈസെൽവിയാണ് അനിശ്ചിതത്വങ്ങൾ കടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. മാനസിക നില തകരാറിലായ കലൈസെൽവിയെ സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചിട്ടു കടന്നു കളയുകയായിരുന്നു. അഭയകേന്ദ്രം അധികാരികൾ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ കലൈസെൽവിയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. വന്നിട്ട് കുറേക്കാലമായി എന്നും ശമ്പളമൊന്നും കിട്ടിയില്ലെന്നും മാത്രമാണ് കലൈസെൽവി പറഞ്ഞത്. നാട് എവിടെയാണെന്നോ, വീട്ടിൽ ആരൊക്കെയുണ്ടെന്നോ അവർക്ക് ഓർമയുണ്ടായിരുന്നില്ല. കൈയ്യിൽ ഒരു പൈസയും ഉണ്ടായിരുന്നുമില്ല.
വിസ രേഖകൾ പരിശോധിച്ചതിൽ നിന്നും കലൈസെൽവി സൗദിയിൽ വന്നിട്ട് 20 മാസങ്ങൾ കഴിഞ്ഞതായി മനസ്സിലാക്കിയ മഞ്ജു മണിക്കുട്ടൻ, തമിഴ് സാമൂഹിക പ്രവർത്തകരായ സാദിഖ്, അബ്ദുൾ സത്താർ, വാസു ചിദംബരം എന്നിവരുടെ സഹായത്താല് പാസ്സ്പോർട്ടിലെ വിലാസത്തിൽ അന്വേഷിച്ച് കലൈസെൽവിയുടെ വീട് കണ്ടുപിടിച്ചു. കലൈസെൽവിയുടെ ചേട്ടത്തിയും, അനിയത്തിയും അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചപ്പോൾ അവരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിയ്ക്കുകയും, ചെന്നൈ വിമാനത്താവളത്തിൽ എത്തിയാൽ ഏറ്റെടുക്കാനും ഏര്പ്പാടുണ്ടാക്കി.
വനിതാ അഭയകേന്ദ്രം വഴി മഞ്ജു മണിക്കുട്ടൻ കലൈസെൽവിയ്ക്ക് എക്സിറ്റ് അടിച്ചു വാങ്ങി.
നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ്നാട് വെൽഫെയർ അസ്സോസ്സിയേഷൻ കലൈസെൽവിയ്ക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തു. പെട്ടെന്ന് തന്നെ നിയമനടപടികൾ പൂർത്തിയാക്കി കലൈസെൽവിയെ നാട്ടിലേയ്ക്ക് കയറ്റി വിട്ടു.
ഫോട്ടോ: മഞ്ജു മണിക്കുട്ടൻ കലൈസെൽവിയ്ക്ക് യാത്രാരേഖകൾ കൈമാറുന്നു.
Post Your Comments