പോംഗ്യാംഗ്: കഴിഞ്ഞ ദിവസം പരീക്ഷിച്ച അണ്വായുധവാഹക ഭൂഖണ്ഡാന്തര മിസൈൽ യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യു എസ് സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 നാണു ദീർഘദൂര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചത്. അലാസ്കയും ഹവായും വരെ എത്താൻ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണത്തെ യുഎസ് ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഉത്തരകൊറിയ ലോകത്തിനു വീണ്ടും ഭീഷണിയായിരിക്കുന്നുവെന്നു പ്രതികരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ, ഇതിനെതിരെ ആഗോളനടപടി വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഉത്തര കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനോട് താൽപ്പര്യമില്ലെന്നു റഷ്യയും ചൈനയും അറിയിച്ചു. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കാനുള്ള പ്രയത്നങ്ങളുടെ മറവിൽ ഉത്തരകൊറിയയിൽ ഭരണമാറ്റമുണ്ടാക്കാൻ ശ്രമം നടത്തുന്നതു ശരിയല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. കൊറിയ വിഷയം ചർച്ച ചെയ്യാൻ യുഎസിന്റെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ആവശ്യപ്രകാരം യുഎൻ രക്ഷാ സമിതി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
Leave a Comment