ചരക്ക് സേവന നികുതി(ജി.എസ്.ടി)യുടെ മറവില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ഹോട്ടലുകാര്‍. ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം ആദ്യമായി റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചതിന്റെ ബില്ല് കണ്ടപ്പോള്‍ വയറ് ശരിക്കും നിറഞ്ഞു. 2 ദോശ കഴിച്ചപ്പോള്‍ ജി.എസ്.സി ഇനത്തില്‍ ഈടാക്കിയത് 32 രൂപ 40 പൈസ. തികച്ചും പകല്‍ക്കൊള്ള. രണ്ട് നെയ് റോസ്റ്റും ഒരു ഐസ്‌ക്രീമുമാണ് ആകെ കഴിച്ചത്. 180 രൂപ ആയിരുന്നു ശരിക്കും ആയ തുക. എന്നാല്‍ ബില്ല് വന്നപ്പോള്‍ 212 രൂപ!. 16 രൂപ 20 പൈസ സെന്‍ട്രല്‍ ടാക്‌സ് ഇനത്തിലും 16.20 പൈസ സംസ്ഥാന സര്‍ക്കാരിന്റെ വക ടാക്‌സ് ഇനത്തിലും എടുത്തിരിക്കുന്നു. ഇത്തരത്തില്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് പാവപ്പെട്ടവരെ ഹോട്ടലുകാര്‍ പിഴിയുന്നത്.
ജി.എസ്.ടിയുടെ പേര് പറഞ്ഞ് തോന്നിയ ബില്ലടിച്ച് തന്ന് ഉപഭോക്താക്കളെ അറുക്കാന്‍ തുടങ്ങിയിരിക്കുകയാണ് റസ്റ്റോറന്റുകള്‍. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന ആശയക്കുഴപ്പം മുതലാക്കി ജനങ്ങളെ കൊള്ളയടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ചില ഹോട്ടലുകാരാകട്ടെ ഇത് തന്നെ തക്കം എന്ന മട്ടില്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. പഴയ വിലയ്ക്ക് പുറമെ ജി.എസ്.ടിയും കൂടി ചേര്‍ത്ത് ബില്ലു നല്‍കുകയാണ്. ഇത് നിയമ വിരുദ്ധമാണ്. പഴയ നികുതി കുറച്ച ശേഷമാണ് ജി.എസ്.ടി ചുമത്തേണ്ടതെങ്കിലും അത് ചെയ്യുന്നില്ല. ഇത് ഫലത്തില്‍ ഇരട്ട നികുതിയായി മാറുന്നു. ധാന്യപ്പൊടി, ഭക്ഷ്യ എണ്ണകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് ഹോട്ടലുകളില്‍ ആഹാര സാധനങ്ങള്‍ക്ക് വില കുറയേണ്ടതായിരുന്നു.അതിന് പകരം കൂടുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ റസ്റ്റോറന്റുകളില്‍ നല്ലൊരു ശതമാനവും എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. അവിടെ 18% ആണ് നികുതി ഈടാക്കുന്നത്. കേരളത്തിന്റെ ഈ പ്രത്യേകത കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി റസ്റ്റോറന്റുകളിലെ നിരക്കില്‍ മാറ്റം വരുത്തണം.
ഈ പകല്‍ക്കൊള്ളയെക്കുറുച്ച് ഹോട്ടലുകാരോട് ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തുകയാണ്. ഇതാണ് ജി.എസ്.ടി എന്ന മട്ടിലാണ് ഇവര്‍. എ.സി ഹോട്ടലുകളില്‍ ഒട്ടും കയറാനാകാത്ത അവസ്ഥയാണ്. ജി.എസ്.ടി എന്ന പേരിലുള്ള കൊള്ളയ്ക്ക് പുറമെ എ.സി ചാര്‍ജും, പ്രത്യേക സര്‍വീസ് ചാര്‍ജും. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാന വ്യാപകമായി അരങ്ങേറിയിട്ടും സര്‍ക്കാര്‍ ഒന്നും അറിഞ്ഞ മട്ട് കാണിക്കുന്നില്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന് നടപടിയില്ല. സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ഈ പകല്‍ക്കൊള്ള ഇനിയും ആവര്‍ത്തിക്കും. പാവപ്പെട്ടവന് വിശക്കുമ്പോള്‍ ഒരു ഹോട്ടലില്‍ കയറി ആഹാരം കഴിക്കാനാകാത്ത സ്ഥിതി ഉണ്ടാകും.
ജി.എസ്.ടി വന്നപ്പോള്‍ വില കുറയുമെന്ന് കരുതിയിരുന്ന പലതിനും വില കൂടുകയാണ് ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന ആശയക്കുഴപ്പം മുതലാക്കി ജനങ്ങളെ കൊള്ളയടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോഴിയിറച്ചി, പച്ചക്കറി തുടങ്ങിയവയെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയെങ്കിലും അവയ്ക്ക് വില കുതിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്. നിത്യോപയോഗ സാധനങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെ. ഭൂരിഭാഗം സാധനങ്ങള്‍ക്കും വില കുറഞ്ഞെങ്കിലും ആറും അറിഞ്ഞ മട്ടില്ല. പഴയ വിലയ്ക്ക് തന്നെ ഇപ്പോഴും വില്‍ക്കുന്നു. എന്നാല്‍ വില കൂടിയ സാധനങ്ങള്‍ക്ക് വീണ്ടും ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തി അമിത വിലയില്‍ കൂട്ടി വില്‍ക്കുന്നുണ്ട്.
Post Your Comments