പാലക്കാട്: ഈഡിസ് ഈജിപ്റ്റി കൊതുകിന് കനത്ത മഴ തുടർന്നു ലഭിച്ചാൽ വീണ്ടും രൂപ മാറും. മാത്രമല്ല അതിന്റെ കടിയും കുറയും. നാഷണൽ വെക്ടർബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാ(എൻവിഡിസിപി)മിലെ ശാസ്ത്രജ്ഞർ പറയുന്നത് ഇതോടെ അടുത്ത സീസണിൽ കടിയേൽക്കുന്നവരുടെയും രോഗികളുടെയും എണ്ണം കുറയുമെന്നാണ്. കൊതുകിന്റെ മുട്ടകൾ ഇതുവരെ ലഭിച്ച മഴയും പ്രതിരോധപ്രവർത്തനവും കാരണം ഏറെക്കുറെ നശിച്ചതായാണ് വിലയിരുത്തൽ. ആവശ്യമായ വെള്ളം ലഭിച്ചാൽ ഇനിയുള്ള മുട്ടകൾ വലുപ്പമുളള കൊതുകുകളായി മാറുമെന്നാണ് നിഗമനം.
കടിക്കാനുള്ള ശേഷി വലിപ്പം കൂടുമ്പോൾ കുറയും. പക്ഷെ മഴ ഇപ്പോൾ കുറഞ്ഞത് ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തു ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്തതു മുതൽ രണ്ടുവർഷം കൂടുമ്പോൾ രോഗ തീവ്രതയും മരണവും വർധിക്കുന്നതായാണ് കണക്ക്. ശരാശരി മഴ ലഭിച്ചതിന്റെ തൊട്ടടുത്തവർഷം രോഗികളുടെ എണ്ണവും മരണവും കുറവായിരിക്കും.
മുൻവർഷത്തേക്കാൾ ഇത്തവണ ആറിരട്ടിയാണ് ഡെങ്കിബാധിച്ചുള്ള മരണം. എന്നാൽ വ്യാപകമായ പ്രതിരോധപ്രവർത്തനത്തെ തുടർന്നു ഡെങ്കി റിപ്പോർട്ടു ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. എൻവിഡിസിപി പനി റിപ്പോർട്ടുചെയ്യുന്ന സ്ഥലത്ത് 24 മണിക്കൂറിനകം എത്തി വീടിനകത്തും പുറത്തും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മരണസംഖ്യ പരമാവധി കുറയ്ക്കാൻ ചികിത്സാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു.
Post Your Comments