Latest NewsNewsIndia

ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക് : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ മുങ്ങി കപ്പലുകള്‍

 

ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക് വഴിവെയ്ക്കുമെന്ന സൂചന നല്‍കി ചൈന. ഇതിന് മുന്നോടിയായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ പടക്കപ്പലുകള്‍ കണ്ടെത്തി. . സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം കണ്ടെത്തിയത്. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ നാവിക സാറ്റലൈറ്റ് രുക്മിണി (ജിസാറ്റ്-7), പൊസീഡന്‍-81 എന്ന ദീര്‍ഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകള്‍ അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്-3 വിഭാഗത്തിലുള്ള മിസൈല്‍ നശീകരണ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു വിവരം. കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അതിര്‍ത്തി സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ ചൈന നല്‍കിയ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.

അതിര്‍ത്തിപ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുകയാണ്.

2017ലെ ഇന്ത്യ 1962ലെ ഇന്ത്യയില്‍നിന്നു വ്യത്യസ്തമാണെന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയോട് ‘ചൈനയും പഴയ ചൈനയല്ലെ’ന്നും തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചൈനയ്ക്ക് അറിയാമെന്നും ജനറല്‍ ഷുവാങ് പ്രതികരിച്ചു. 55 വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തില്‍നിന്ന് ഇന്ത്യ ചരിത്രപരമായ പാഠം പഠിക്കണമെന്നു പറഞ്ഞു ചൈന നേരത്തേ 1962ലെ യുദ്ധത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. ഈഘട്ടത്തിലാണ് 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നോര്‍ക്കണമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി ജയ്റ്റ്‌ലി പറഞ്ഞത്.

അതേസമയം ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലില്‍ ചൈനയും പാക്കിസ്ഥാനും ആഴ്ചകള്‍ക്കു മുമ്പ് സംയുക്ത നാവികപരിശീലനം നടത്തിയിരുന്നു. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്‍ അടക്കമുള്ള സേനയാണ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button