KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ് : വിവാദങ്ങള്‍ അവസാനിക്കുന്നില്ല : തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ആ രണ്ട് പ്രമുഖരെ തേടി പൊലീസ്

 

കൊച്ചി : കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി സംസ്ഥാനത്തെ ഏറെ ഇളക്കി മറിച്ച കേസായിരുന്നു യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. . ഇതിന്റെ പ്രതിഫലനങ്ങള്‍ സിനിമാ മേഖലയിലും ഉണ്ടായി. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിലും പിന്നീടാണ് ഏറെ വിവാദമായ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇതോടെ കേസിന്റെ അന്വേഷണം മറ്റൊരു വഴിയ്ക്കായി . ഇതൊരു വെറുമൊരു ബ്ലാക്ക്‌മെയിലിംഗ് കേസ് അല്ല മറിച്ച് മാസങ്ങളോളം നീണ്ട ഗൂഢാലോചനയുടെ ഫലമാണ് നടിയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. പിന്നെ അവിടെ തുടങ്ങി കേസിലെ മൂന്നാമത്തെ ട്വിസ്റ്റ്.

അന്വേഷണം ഇപ്പോള്‍ അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുമ്പോഴും തിരശ്ശീലയ്ക്ക് പിന്നിലുള്ള ആ രണ്ട് പേര്‍ ആരെന്ന് കണ്ടെത്തിയിട്ടില്ല. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞ അന്വേഷണസംഘം മറ്റു രണ്ടുപേരെ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ്. രണ്ടുപേര്‍ മാത്രമാണു പ്രതികളുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളത്. രണ്ടു പേര്‍ അന്നുംഇന്നും തിരശ്ശീലയ്ക്കു പിന്നിലാണ്.അതിനിടെ, പള്‍സര്‍ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണു നടപടി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാനായി രംഗത്തത്തിയ അഡ്വ ബി.എ ആളൂര്‍ ഇന്ന് കോടതിയിലെത്തിയേക്കും. സുനി മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്താനും സാധ്യതയുണ്ട്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേര്‍ അന്നുമുതല്‍ ഗൂഢാലോചനകള്‍ നടത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ ആറു പേര്‍ പ്രതികളാവുമെന്നാണു സൂചന. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

അതേസമയം, കേസിലെ അന്വേഷണം ദിലീപിന്റെ സഹായി എ.എസ്. സുനില്‍രാജിലേക്കു (അപ്പുണ്ണി) കേന്ദ്രീകരിക്കാനും പൊലീസ് നീക്കമുണ്ട്. കേസില്‍ നിര്‍ണായക അറസ്റ്റിനു തടസ്സമായി നില്‍ക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ സംവിധായകന്‍ നാദിര്‍ഷായെയും നടന്‍ ദിലീപിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ചില സംശയങ്ങള്‍ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നല്‍കുന്ന സൂചന

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗൂഢാലോചന നാലു വര്‍ഷം മുന്‍പു തുടങ്ങിയതായാണു സുനില്‍ കുമാറിന്റെ മൊഴി. എന്നാല്‍, ഫെബ്രുവരി 17നു നടന്ന അതിക്രമത്തിനു കഴിഞ്ഞ നവംബര്‍ 23 മുതല്‍ ഒരുക്കങ്ങള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കേസില്‍ ജയിലിലെത്തിയ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴികളും കേസില്‍ നിര്‍ണായകമായി. സുനില്‍ കുമാര്‍ ജയിലിനുള്ളില്‍ നിന്നു ഫോണില്‍ പുറത്തേക്കു വിളിച്ചു സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജിന്‍സന്റെ മൊഴിയിലുണ്ട്.

ഫോണില്‍ സംസാരിച്ചയാളോടു പണം ആവശ്യപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയായി ‘എന്തോ ഒന്ന്’ കാക്കനാട്ടെ കടയില്‍ എത്തിച്ചതായി പറഞ്ഞതും ജിന്‍സന്‍ ഓര്‍മിക്കുന്നു. ജയിലില്‍നിന്നു സുനില്‍ പുറത്തേക്കു വിളിച്ചു സംസാരിച്ചിരുന്നത് ഏറെ സൗഹാര്‍ദപരമായാണെന്നും ജിന്‍സന്‍ മൊഴി നല്‍കി. പണം ആവശ്യപ്പെടുമ്പോഴെല്ലാം അനുകൂല മറുപടിയാണു സുനിലിനു ലഭിച്ചിരുന്നതെന്നാണു തുടര്‍ന്നുള്ള പെരുമാറ്റത്തില്‍ മനസ്സിലാക്കിയിരുന്നത്.

നാദിര്‍ഷായോടും അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു നടന്‍ ദിലീപിനോടും സംസാരിച്ചിരുന്നതായാണു സുനിലിന്റെ വെളിപ്പെടുത്തല്‍. പ്രതി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ക്കു ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ടെങ്കില്‍ മാത്രമേ കോടതിയില്‍ സാധൂകരണം ലഭിക്കൂ. സുനില്‍ ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചു പണത്തിനുവേണ്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പൊലീസിനു ബോധ്യപ്പെടേണ്ടതുണ്ട്.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.

തുടര്‍ന്ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണ് ഇതെന്നായിരുന്നു പൊലീസ് നല്‍കിയ സൂചന. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button